ഹജ്ജ് തീർഥാടകരെ തിരിച്ചറിയാനായി നുസ്‌ക് കാർഡ് പുറത്തിറക്കി സഊദി അറേബ്യ
മക്ക:ഹജ്ജ് മുന്നോരുക്കങ്ങളുടെ ഭാഗമായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം ‘നുസ്‌ക് കാർഡ്’പുറത്തിറക്കി. തീർഥടകനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങുന്നതാണ് ഈ കാർഡ്. കാർഡിന്റെ ആദ്യ ബാച്ച് ഇന്തോനേഷ്യൻ തീർഥാടകരുടെ പ്രതിനിധി സംഘത്തിന് മന്ത്രാലയം കൈമാറി.
പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും സഞ്ചാരത്തിനും യാത്രക്കും തീർഥാടകർ ഈ കാർഡ് കൂടെ വഹിക്കൽ നിർബന്ധമാണ്. വിസ അനുവദിച്ചതിന് ശേഷം ഹജ്ജ് ഓഫീസുകൾ വഴിയാണ് വിദേശ തീർഥാടകർക്ക് കാർഡ് വിതരണം ചെയ്യുക. ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് പെർമിറ്റ് നൽകിയതിന് ശേഷം സേവന കമ്പനികൾ വഴി നേടാനാകും. ‘നുസ്‌ക് കാർഡ്’ അച്ചടിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡാണ്. പുണ്യസ്ഥലങ്ങളിലെ അംഗീകൃത തീർഥാടകരെ വേർതിരിച്ചറിയാൻ വേണ്ടിയാണിത്. ‘നുസ്‌ക്’, ‘തവക്കൽന’ എന്നീ ആപ്ലിക്കേഷനുകളിൽ ഇതിന്റെ ഡിജിറ്റൽ കോപ്പി ലഭ്യമാകും.
അതേസമയം, ഹജ്ജ് ഉംറ മന്ത്രാലയം നുസ്‌ക് കാർഡ് തീർഥാടകർക്ക് നിർബന്ധമാക്കുന്നതോടെ പെർമിറ്റില്ലാതെ ഹജ്ജിനെത്തുന്നവരുടെ മേലുള്ള കുരുക്ക് കൂടുതൽ മുറുകും. നുസ്‌ക് കാർഡില്ലാതെ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനവും സഞ്ചാരവും അസാധ്യമാകും. ഹജ്ജ് കർമങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാക്കുകയാണ് ഇതിലൂടെ ഹജ്ജ്, ഉംറ മന്ത്രാലയം ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."