റായ്ബറേലിയില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി;അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ചര്‍ച്ച പുരോഗമിക്കുന്നു
ഉത്തര്‍പ്രദേശിലെ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മില്‍ ചര്‍ച്ച നടത്തുന്നു. കര്‍ണാടകയിലാണ് രാഹുലും ഖര്‍ഗെയും തമ്മില്‍ ചര്‍ച്ച നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുല്‍ കര്‍ണാടകയിലെത്തിയത്.
ഇരു മണ്ഡലങ്ങളിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം നാളെയാണ്. അഞ്ചാം ഘട്ടമായ മേയ് 20നാണ് രണ്ട് സീറ്റുകളിലേക്കും വോട്ടെടുപ്പ്. സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം ഖാര്‍ഗെയെ ഏല്‍പ്പിച്ചതായി പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചിരുന്നു. റായ്ബറേലിയില്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ പ്രിയങ്ക ഗാന്ധി ഉറച്ചുനില്‍ക്കുന്നതായാണ് സൂചന.
സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയിലും ആശങ്കയുണ്ട്. ഗാന്ധി കുടുംബത്തിലെ ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമേഠിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രഖ്യാപനം നീളുന്തോറും സ്ഥാനാര്‍ഥിത്വം ചര്‍ച്ചയാകുമെന്നും അവസാനനിമിഷം രാഹുലിനെ രംഗത്തിറക്കുന്നതു ഗുണം ചെയ്യുമെന്നുമുള്ള ചിന്ത കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. രാഹുല്‍ അമേഠിയില്‍ മത്സരിക്കണമെന്നാണു പാര്‍ട്ടിക്കുള്ളിലെ ഭൂരിപക്ഷാഭിപ്രായം.
വയനാട്ടില്‍നിന്നുള്ള സിറ്റിങ് എംപിയായ രാഹുല്‍, അമേഠിയില്‍ മത്സരിക്കാന്‍ ഉപാധികള്‍ മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ടുണ്ട്. റായ്ബറേലിയില്‍ ജയിച്ചാല്‍ ഗാന്ധി കുടുംബത്തിലെ മൂന്നു പേരും പാര്‍ലമെന്റിലെത്തുമെന്ന ന്യായമാണ് മത്സരിക്കാതിരിക്കാന്‍ പ്രിയങ്ക ഗാന്ധി പറയുന്നത്. ഇതു കുടുംബാധിപത്യ പാര്‍ട്ടിയെന്ന ബിജെപിയുടെ പ്രചാരണം ശക്തിപ്പെടുത്തുമെന്നും അവര്‍ പറയുന്നു. ഇതുവരെ റായ്ബറേലിയെ പ്രതിനിധീകരിച്ചിരുന്ന സോണിയ ഗാന്ധി, രാജ്യസഭയിലേക്ക് മാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."