ടെസ്റ്റ് പരിഷ്കരണം: ഡ്രൈവിങ് സ്‌കൂളുകളുടെ സമരം തുടരുന്നു, ഇടക്കാല ഹരജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കാനുള്ള വകുപ്പ് തീരുമാനത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം ഇന്നും തുടരും. പരിഷ്‌ക്കരണം പ്രഖ്യാപിച്ചിറക്കിയ സർക്കുലർ പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. ടെസ്റ്റ് പരിഷ്കരിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഡ്രൈവിങ് സ്‌കൂൾ ഉടമകളും പരിശീലകരുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യത്തിന്മേലാണ് കോടതി ഇന്ന് തീരുമാനമെടുക്കുക. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ നിർദേശങ്ങൾ നടപ്പാക്കുകയാണ് ചെയ്തതെന്നും പുതിയ സർക്കുലർ നിയമപരമാണെന്നുമാണ് സർക്കാരിന്റെ വാദം. എന്നാൽ, ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ സർക്കുലർ കേന്ദ്ര നിയമത്തിനു വിരുദ്ധമാണെന്നും കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ലെന്നുമാണ് ഹരജിക്കാരുടെ വാദം.
മെയ് ഒന്ന് മുതലാണ് ഡ്രൈവിങ് ടെസ്റ്റിൽ പുതിയ പരിഷ്‌ക്കാരങ്ങൾ നിലവിൽ വന്നത്. കാർ ടെസ്റ്റിന് ഉപയോഗിച്ചിരുന്ന 'H' മോഡൽ ടെസ്റ്റ് ഒഴിവാക്കി പകരം സിഗ്‌സാഗ് ഡ്രൈവിങ്ങും പാർക്കിങ്ങും ഉൾപ്പെടുത്തിയാതായിരുന്നു പ്രധാന പരിഷ്‌കാരം. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണം. കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സർക്കുലറിൽ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."