കെ.എസ്.ആര്‍.ടി.സി വാങ്ങുന്നു 41 സീറ്റുകളുള്ള 15 പുതിയ ബസുകള്‍
തിരുവനന്തപുരം: ദീര്‍ഘദൂര റൂട്ടുകളിലേക്ക് ഡീസല്‍ ഉപയോഗിച്ച് ഓടുന്ന ചെറുതും വിലകുറഞ്ഞതുമായ എ.സി ബസുകള്‍ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചു. ഇവ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് മുകളിലുള്ള അടുത്ത ക്ലാസില്‍ തരംതിരിച്ച് നിരത്തിലിറക്കും. ആദ്യഘട്ടത്തില്‍ 41 സീറ്റുകളുള്ള 15 പുതിയ ബസുകള്‍ ടാറ്റയില്‍ നിന്ന് വാങ്ങും. സാധാരണ കോര്‍പറേഷന്‍ വാങ്ങുന്ന മറ്റ് എ.സി ലക്ഷ്വറി ബസുകളെ അപേക്ഷിച്ച് വിലകുറവാണ് പുതിയ ബസുകള്‍ക്ക്. 38 ലക്ഷം രൂപയാണ് വാങ്ങുന്ന ഓരോ ബസിന്റെയും ചെലവ്.
അധികൃതര്‍ വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് ഉള്‍പ്പെടെ വിശദമായ പരിശോധന നടത്തിയിട്ടാണ് ഓര്‍ഡര്‍ നല്‍കിയത്. ആദ്യം വാങ്ങുന്ന ബസുകള്‍ പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വിസ് നടത്തും. നാലുവരിപ്പാത നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാത ഒഴിവാക്കിയാണ് ബസുകള്‍ സര്‍വിസ് നടത്തുക. ദേശീയപാത പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്ന മുറയ്ക്ക് ദേശീയപാതയിലൂടെ പുതിയവ സര്‍വിസ് നടത്തുമെന്നും കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.
ബസുകളുടെ പിന്‍ഭാഗത്ത് പരസ്യ പാനല്‍ ഉണ്ടായിരിക്കും, അത് പരസ്യങ്ങള്‍ക്കായി പാട്ടത്തിന് നല്‍കും. പരസ്യസ്ഥലം നല്‍കുന്നതിലൂടെ ഒരു വര്‍ഷത്തേക്ക് അഞ്ചു മുതല്‍ എട്ടു ലക്ഷം വരെ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മൊത്തത്തിലുള്ള ചെലവ് ഗണ്യമായി കുറയ്ക്കുമെന്നും അധികൃതര്‍ പറഞ്ഞു.
കൂടാതെ മൊബൈല്‍ വര്‍ക്ക്‌ഷോപ്പുകളായി ഉപയോഗിക്കുന്ന 15 മിനി ട്രക്കുകള്‍ക്കും ഓര്‍ഡര്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ട്രക്കുകളില്‍ എല്ലാ സ്‌പെയര്‍ പാര്‍ട്‌സും ഒരു ഡ്രൈവറും സഹായിയും ഉണ്ടായിരിക്കും. ഇരുവരും മെക്കാനിക്കുകളായിരിക്കും.
ആന്റണി രാജു ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ ഇലക്ട്രിക് ബസുകള്‍ വാങ്ങാനായിരുന്നു തീരുമാനമെടുത്തത്. എന്നാല്‍ ഗണേഷ് കുമാര്‍ മന്ത്രിയായി വന്നപ്പോള്‍ ഈ തീരുമാനം റദ്ദ് ചെയ്യുകയും ഡീസല്‍ വാഹനം വാങ്ങാനും തീരുമാനിക്കുകയായിരുന്നു. ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന ചിലവില്‍ മൂന്നു ഡീസല്‍ വാഹനങ്ങള്‍ വാങ്ങാന്‍ കഴിയുമെന്ന് ഗണേഷ് കുമാര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."