ഒറ്റ ഗോളില്‍ ബാഴ്‌സലോണ
മാഡ്രിഡ്: ക്രൊയേഷ്യന്‍ താരം ഇവാന്‍ റാകിറ്റിച്ചിന്റെ ഏക ഗോളില്‍ രക്ഷപ്പെട്ട് ബാഴ്‌സലോണ. അത്‌ലറ്റികോ ബില്‍ബാവോക്കെതിരായ മത്സരത്തില്‍ 21ാം മിനുട്ടില്‍ നേടിയ ഗോളിലാണ് ബാഴ്‌സലോണ വിജയിച്ചത്. തുര്‍ക്കി താരം ആര്‍ദ ടുറാന്‍ നല്‍കിയ മനോഹരമായ ക്രോസ് പോസ്റ്റിന്റെ വലതു മൂലയില്‍ നിന്നു റാകിറ്റിച്ച് ഹെഡ്ഡ് ചെയ്ത് വലയിലേക്ക് തൊടുത്തു വിടുകയായിരുന്നു. അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരേ ബാഴ്‌സയുടെ തുര്‍ച്ചയായ ആറാം വിജയമാണിത്.
ലാ ലിഗയിലെ ആദ്യ കളിയില്‍ മിന്നും ജയം സ്വന്തമാക്കിയ ബാഴ്‌സക്ക് ബില്‍ബാവോയ്‌ക്കെതിരേ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഒന്നിലധികം അവസരങ്ങള്‍ ലയണല്‍ മെസ്സിക്കും സുവാരസിനും ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. അത്‌ലറ്റികോക്കു ലഭിച്ച പല അവസരങ്ങളും നിര്‍ഭാഗ്യത്തിനു പുറത്തു പോയി. പുതിയ സീസണില്‍ ബാഴ്‌സയുടെ പ്രതിരോധം മാറ്റിപ്പണിഞ്ഞിരുന്നെങ്കിലും ബില്‍ബാവോയുടെ അസാമാന്യ നീക്കങ്ങളില്‍ കാറ്റാലന്‍ നിരയുടെ പ്രതിരോധം ആടിയുലഞ്ഞു. പത്താം മിനുട്ടില്‍ തന്നെ സാമുവല്‍ ഉംറ്റിറ്റിക്കും പിന്നീട് സുവാരസിനും ബുസ്‌കറ്റ്‌സിനുമടക്കം മൂന്നു പേര്‍ക്കും ആദ്യ പകുതിയില്‍ തന്നെ മഞ്ഞ കാര്‍ഡ് ലഭിച്ചത് ബാഴ്‌സലോണക്ക് തരിച്ചടിയായി. രണ്ടാം പകുതിയില്‍ ബാഴ്‌സലോണ കോച്ച് എന്റിക്വെ ചില മാറ്റങ്ങള്‍ നടത്തിയെങ്കിലും സ്‌കോര്‍ വര്‍ധിച്ചില്ല.
മറ്റൊരു മത്സരത്തില്‍ ഗ്രാനഡയെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ലാസ് പല്‍മാസ് തകര്‍ത്തു. സെവിയ്യ- വിയ്യാറല്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് സെവിയ്യ സമനില വഴങ്ങുന്നത്. രണ്ടു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ലാസ് പല്‍മാസാണ് ഒന്നാം സ്ഥാനത്ത്. ബാഴ്‌സലോണ രണ്ടും റയല്‍ മൂന്നാം സ്ഥാനത്തുമാണ്.
മൊണാക്കോ
പി.എസ്.ജിയെ തകര്‍ത്തു
പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ നിലവിലെ ചാംപ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌ന് കാലിടറി. മൊണാക്കോയാണ് ശക്തരായ പി.എസ്.ജിയെ ഒന്നിനെതിരേ മൂന്നു ഗോളിനു മുക്കിയത്. 13ാം മിനുട്ടില്‍ യാവോ മൗട്ടീഞ്ഞോയും ആദ്യ പകുതിയുടെ അവസാനത്തില്‍ ഫാബിയാനോയുമാണ് മൊണാക്കോക്കു വേണ്ടി ഗോള്‍ നേടിയത്. 80ാം മിനുട്ടില്‍ പി.എസ്.ജി ഡിഫന്റര്‍ സെര്‍ജ് ഓരിയറുടെ പിഴവിലായിരുന്നു സെല്‍ഫ് ഗോളിലൂടെ മൂന്നാം ഗോള്‍ വീണത്. 63ാം മിനുട്ടില്‍ കവാനിയാണ് പി.എസ്.ജിയുടെ ആശ്വാസ ഗോള്‍ നേടിയത്.
ലോറന്റ് ബ്ലാങ്കിനു ശേഷം പി.എസ്.ജിയുടെ പരിശീലനം എറ്റെടുത്ത പുതിയ കോച്ച് ഉനെ എംറെയുടെ ആദ്യ തോല്‍വിയാണിത്. മൂന്നു കളികളില്‍ ഏഴു പോയിന്റുമായി മൊണാക്കോ രണ്ടാം സ്ഥാനത്തും ആറു പോയിന്റുമായി പി.എസ്.ജി അഞ്ചാം സ്ഥാനത്തുമാണ്.
സീരി എ: റോമയ്ക്കും
ഇന്ററിനും സമനില
റോം: ഇറ്റാലിയന്‍ ലീഗില്‍ റോമയ്ക്കും ഇന്റര്‍ മിലാനും സമനിലക്കുരുക്ക്. കാഗ്‌ലിയാരിയാണ് റോമയെ 2-2ന് സമനിലയില്‍ പിടിച്ചത്. ആറാം മിനുട്ടിലും 46ാം മിനുട്ടിലും ലക്ഷ്യംകണ്ട് കളിയില്‍ റോമ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചു വന്ന് കാഗ്‌ലിയാരി സമനില പിടിക്കുകയായിരുന്നു. ഇന്റര്‍ മിലാനെ പാലെര്‍മോ 1-1നു സമനിലയില്‍ തളക്കുകയായിരുന്നു.
മറ്റു മത്സരങ്ങളില്‍ ജനോവ ക്രോറ്റനേയും ഫിയോരന്റിന ചീവോയും സംപ്്‌ദോറിയ അറ്റ്‌ലാന്റയെയും സസോളോ പെസ്‌ക്കാരെയെയും ടൊറിനോ ബൊലൊഗ്നയെയും പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."