ഐഎസ്എൽ; ഫൈനൽ പോരാട്ടം ഇന്ന്, കിരീടത്തിൽ ആര് മുത്തമിടും? കൂടുതൽ സാധ്യത ഈ ടീമിന്
ഐ.എസ്.എല്ലിന്റെ പത്താം സീസണിലെ വിജയി ആരെന്നറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പുകൂടി. ഫുട്ബോളിൻ്റെ പെരുമ പേറുന്ന കൊൽക്കത്തയിലെ സാൾട്ടലേക്ക് സ്റ്റേഡിയത്തിൽ നാട്ടിലെ ഫുട്ബോൾ വമ്പൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് മുംബൈ സിറ്റി എഫ്.സിയെയാണ് കിരീടത്തിനായി വെല്ലുവിളിക്കുന്നത്. 2020-21 സീസണിൽ ഐ.എസ്.എൽ ജേതാക്കളായ മുംബൈ സിറ്റിയും രണ്ടാംകിരീടം തേടിയെത്തുന്ന മോഹൻബഗാൻ സുപ്പർ ജയന്റ്സും കലാശപ്പോരിൽ ഏറ്റുമുട്ടുമ്പോൾ ആരാധകർക്കത് ആവേശ രാവ്.
അവസാന സീസണിൽ ബംഗളൂരു എഫ്.സിയെ പരാജയപ്പെടുത്തിയാണ് മോഹൻ ബഗാൻ കിരീടം നേടിയത്. എന്നാൽ അന്ന് എ.ടി.കെ മോഹൻ ബഗാൻ എന്ന പേരിലായിരുന്നു ടീം അറിയപ്പെട്ടിരുന്നത്. പിന്നീട് മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സ് എന്ന പേരിലേക്ക് മാറിയതിനു ശേഷം ടീമിൻ്റെ കന്നി ഫൈനലാണിത്. സെമി ഫൈനലിൽ ഒഡിഷ എഫ്.സിയെ തോൽപിച്ചാണ് മോഹൻ ബഗാൻ്റെ ഫൈനൽ പ്രവേശനം. ഐ.എസ്.എല്ലിൽ 22 മത്സരത്തിൽ നിന്ന് 48 പോയിന്റുമായി ലീഗ് ഷീൽഡ് നേടിയാണ് മോഹൻ ബഗാൻ ഐ.എസ്.എല്ലിൻ്റെ കിരീടം തേടി ഇന്ന് പോരിനിറങ്ങുന്നത്.
അതേസമയം കഴിഞ്ഞ വർഷത്തെ ഐ.എസ്.എൽ ഷീൽഡ് ജേതാക്കളാണ് മുംബൈ സിറ്റി എഫ്.സി. സെമി ഫൈനലിൽ എഫ്.സി ഗോവയെയാണ് ഇവർ മുട്ടുകുത്തിച്ചത്. മുൻ കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായ പേരേര ഡയസ് നയിക്കുന്ന മുന്നേറ്റനിരയാണ് മുംബൈയുടെ ശക്തി. ഗോവക്കെതിരേയുള്ള ആദ്യ സെമിയിലെ ആദ്യപാദത്തിൽ രണ്ട് ഗോളിന് തോറ്റുനിന്നിരുന്ന മുംബൈ മൂന്ന് ഗോൾ തിരിച്ചടിച്ചായിരുന്നു വൻ തിരിച്ചുവരവ് നടത്തിയത്. വിക്രം പ്രതാപ് സിങ്, ലാലിൻസുവാല ചങ്തേ, പെരേര ഡയസ് എന്നിവരാണ് മുന്നേറ്റനിരയിൽ മുംബൈയുടെ കരുത്ത്. അതുകൊണ്ടുതന്നെ മുംബൈക്കാണ് കൂടുതൽ സാധ്യത.
പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരു പോലെ ശക്തിയുള്ള ടീമുമായാണ് മോഹൻ ബഗാന്റെ വരവ്. അൻവർ അലി, സുഭാഷിശ് ബോസ്, സ്പാനിഷ് താരം ഹെട്കർ യുസ്തെ എന്നിവരാണ് മോഹൻ ബഗാന്റെ പ്രതിരോധത്തിലെ ശക്തികൾ. മുന്നേറ്റത്തിൽ അനിരുദ്ധ് ഥാപ്പ, പെട്രാ റ്റോസ്, കമ്മിങ്സ് തുടങ്ങിയവരും കരുത്തായുണ്ട്. മധ്യനിരയിൽ മലയാളി താരം സഹൽ അബ്ദുൽ സമദ്, ലിസ്റ്റൻ കൊളാസോ എന്നിവരും മോഹൻ ബഗാന് ശക്തി പകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."