ഏഴ് മാസം നീണ്ട കൂട്ടക്കുരുതികള്‍ക്ക് അറുതിയാവുമോ? ; വെടിനിര്‍ത്തല്‍ ചര്‍ച്ച പുരോഗതിയിലേക്ക്, പ്രതീക്ഷയോടെ ഗസ്സ
ഗസ്സ: കൈറോയില്‍ തുടരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചയില്‍ പുരോഗതി. കഴിഞ്ഞ ആഴ്ച ഇസ്‌റാഈല്‍ സമര്‍പ്പിച്ച ഉപാധികളിലും വ്യവസ്ഥകളിലും ചര്‍ച്ച നടത്തുന്നതിനും തീരുമാനം അറിയിക്കുന്നതിനുമായി ഹമാസ് പ്രതിനിധി സംഘം ഇന്നലെ കെയ്‌റോയിലെത്തി. അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സി.ഐ.എയുടെ ഡയരക്ടര്‍ വില്യം ബേണ്‍സ് വെള്ളിയാഴ്ച കെയ്‌റോയിലെത്തിയിരുന്നു. മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ കൈറോയില്‍ ചര്‍ച്ച തുടരുന്നതായി ഹമാസ് അറിയിച്ചു.
മൊസാദ് മേധാവിയുടെ നേതൃത്വത്തിലുള്ള ഇസ്‌റാഈല്‍ സംഘം ഉടന്‍ കൈറോയില്‍ എത്തും എന്നാണ് സൂചന. ഹമാസിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടുമതി കൈറോയിലേക്ക് സംഘത്തെ അയക്കാന്‍ എന്ന നിലപാടിലാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഇസ്‌റാഈല്‍ ആവശ്യങ്ങളില്‍ ഹമാസ് ഇത്തവണ സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നേരത്തെ സൂചന നല്‍കിയിരുന്നു.
ആറാഴ്ചത്തെ വെടിനിര്‍ത്തലാണ് ഇത്തവണത്തെ ചര്‍ച്ചകളുടെ കാതല്‍. ഇക്കാലയളവില്‍ 33 ഇസ്‌റാഈലി ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം നിരവധി ഫലസ്തീനി തടവുകാരെ ഇസ്‌റാഈലും വിട്ടയക്കും. ഗസ്സയ്ക്ക് മേലുള്ള നെതന്യാഹു ഭരണകൂടത്തിന്റെ കടന്നുകയറ്റവും അധിനിവേശവും അവസാനിപ്പിക്കണമെന്നും മേഖലയില്‍നിന്ന് ഇസ്‌റാഈലി സൈന്യം പിന്മാറണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വെടിനിര്‍ത്തല്‍ സംബന്ധിച്ച് തങ്ങള്‍ മുന്നോട്ടുവച്ച ഉപാധികളില്‍ തീരുമാനം അറിയിക്കാന്‍ ഹമാസിന് ഒരാഴ്ചത്തെ സമയം അനുവദിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. അല്ലാത്തപക്ഷം റഫയില്‍ കരയാക്രമണവുമായി മുന്നോട്ടുപോകുമെന്ന് നെതന്യാഹു ഭരണകൂടം അറിയിച്ചതായും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈലിന്റെ സന്ദേശം ഈജിപ്ത് ഹമാസ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
മുമ്പ് സംഭവിച്ചതു പോലെ അവസാനഘട്ടത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച അട്ടിമറിക്കാന്‍ നെതന്യാഹു ശ്രമിച്ചേക്കുമെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫലസ്തീന്‍ ജനതയുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നടപടികളാവും തങ്ങള്‍ ചര്‍ച്ചയില്‍ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഇസ്‌റാഈല്‍ യുദ്ധകാര്യ മന്ത്രിസഭാ യോഗം ഇന്ന് വൈകീട്ട് നടക്കും. കൈറോ ചര്‍ച്ചയുടെ പുരോഗതി വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കാനാണ് യോഗം. ആദ്യഘട്ടത്തില്‍ 33 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി 40 ദിവസത്തെ വെടിനിര്‍ത്തലും മാനുഷിക വിതരണം അനുവദിക്കലും എന്ന നിര്‍ദേശത്തിന്‍ മേലാണ് കൈറോ ചര്‍ച്ച.
ആദ്യഘട്ട വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, തുടര്‍ന്ന് മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുക എന്ന ധാരണയാണ് ചര്‍ച്ചയില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇസ്‌റാഈല്‍ സൈനിക, രാഷ്ട്രീയ നേതൃത്വത്തെ വെടിനിര്‍ത്തലിന് പ്രേരിപ്പിക്കാന്‍ അമേരിക്ക നീക്കം ശക്തമാക്കി.
അതേസമയം, ഇസ്‌റാഈലിനെതിരെ ലോകമെമ്പാടുമുള്ള ക്യാംപസുകളിലെ പ്രതിഷേധം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."