നവകേരള ബസ് ബംഗളൂരു സര്‍വിസ് ഇന്ന് തുടങ്ങും; ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നവകേരള സദസ്സില്‍ മന്ത്രിസഭ യാത്രചെയ്ത ബസിന്റെ പ്രതിദിന സര്‍വിസ് ഇന്ന് തുടങ്ങും. കോഴിക്കോട്- ബംഗളൂരു റൂട്ടിലാണ് 'നവകേരള ബസ്' സര്‍വിസ് നടത്തുക. ബസിന്റെ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണുള്ളത്. ബുക്കിങ് തുടങ്ങി മണിക്കൂറുകള്‍ക്കകം മുഴുവന്‍ ടിക്കറ്റും വിറ്റുതീര്‍ന്നു. 26 സീറ്റുകളാണ് ബസിലുള്ളത്. മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനാണ് യാത്രക്കാരില്‍ പലര്‍ക്കും താല്‍പര്യം. ഡിപ്പോയില്‍ നേരിട്ടെത്തി ഇക്കാര്യം അന്വേഷിച്ചവരും ഏറെയാണ്. 1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എ.സി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം.
പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.35ന് ബംഗളൂരുവിലെത്തുന്ന വിധമാണ് സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവില്‍നിന്ന് യാത്രയാരംഭിച്ച് രാത്രി 10.50ന് കോഴിക്കോട്ടെത്തും. താമരശ്ശേരി, കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂരു വഴിയാണ് സര്‍വിസ്. കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍സംസ്ഥാന സര്‍വിസായ ഗരുഡ പ്രീമിയം ആയാണ് ബസ് ഓടുന്നത്. യാത്രക്കിടയില്‍ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും മൊബൈല്‍ ചാര്‍ജര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവുമുണ്ട്. മന്ത്രിമാര്‍ യാത്ര ചെയ്തപ്പോള്‍ ഉണ്ടായിരുന്ന സീറ്റുകളെല്ലാം മാറ്റി പുതിയ പുഷ്ബാക്ക് സീറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ബസിലുണ്ടായിരുന്ന ശൗചാലയവും ചവിട്ടുപടിക്കുള്ള ലിഫ്റ്റും നിലനിര്‍ത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിച്ച ബസ് നിലവില്‍ നടക്കാവിലെ റീജ്യനല്‍ വര്‍ക്ക്ഷോപ്പിലാണുള്ളത്. നവകേരള സദസ് കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് ബസ് പൂര്‍ണ ഉപയോഗത്തിനായി നിരത്തുകളില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."