അന്തസ്സോടെ ജീവിക്കാം; ഗര്‍ഭഛിദ്രാനുമതി നല്‍കി ഹൈകോടതി
കൊച്ചി: 16 കാരിക്ക് ഗര്‍ഭഛിദ്രാനുമതി നല്‍കി ഹൈകോടതി. ഗര്‍ഭഛിദ്രാനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കേരള ഹൈക്കോടതി. ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയാകുന്ന സംഭവത്തില്‍ ഗര്‍ഭഛിദ്രം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ജസ്റ്റിസ് കൌസര്‍ എടപ്പഗത്തിന്റേ ഈ നിരീക്ഷണം. 16കാരിയുടെ 27 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പെണ്‍കുട്ടിയുടെ അമ്മയാണ് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചത്.
ബലാത്സംഗത്തില്‍ ഗര്‍ഭിണിയാകുന്നവരെ പ്രസവിക്കാന്‍ നിര്‍ബന്ധിക്കാനാവില്ല. വിവാഹേതര ബന്ധത്തിലായാലും ലൈംഗികാതിക്രമത്തെ തുടര്‍ന്ന് ഗര്‍ഭിണിയായതായാലും സ്ത്രീകള്‍ അനുഭവിക്കുന്നത് കടുത്ത ബുദ്ധിമുട്ടുകളായിരിക്കുമെന്നും കോടതി പറഞ്ഞു. കാമുകനായ 19കാരനില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
കുട്ടിയെ ജീവനോടെയാണ് പുറത്തെടുക്കുന്നതെങ്കില്‍, കുഞ്ഞിനെ ഏറ്റെടുക്കാന്‍ ഹര്‍ജിക്കാരിക്ക് താത്പര്യമില്ലാത്ത പക്ഷം പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും കോടതി പറഞ്ഞു. ഗര്‍ഭഛിദ്ര നിയമപ്രകാരം 24 ആഴ്ചവരെയുള്ള ഗര്‍ഭം അലസിപ്പിക്കാനേ നിയമം അനുവദിക്കുന്നുള്ളു. പെണ്‍കുട്ടിയുടെ ഗര്‍ഭം 27 ആഴ്ചയായെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."