എസ്. രാജേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ച് ബിജെപി നേതാക്കൾ; രാഷ്ട്രീയമില്ലെന്ന് വിശദീകരണം
ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രനെ മൂന്നാർ ഇക്കാ നഗറിലെ വീട്ടിലെത്തി കണ്ട് ബിജെപി നേതാക്കൾ. ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ.ഹരിയും സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയുമാണ് രാജേന്ദ്രനെ സന്ദർശിച്ചത്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയത്.
ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ബിജെപി നേതാക്കൾ മൂന്നാറിലെ വീട്ടിലെത്തിയത്. നേരത്തെ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായും എസ്. രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് മുതൽ ചർച്ചയായ ബിജെപി പ്രവേശന അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നതാണ്. ജാവഡേക്കറുമായുള്ള ചർച്ചകൾക്ക് പിന്നാലെ സിപിഎമ്മിനോട് മാപ്പ് പറഞ്ഞ് രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. പ്രകാശ് ജാവഡേക്കറെ കണ്ടതിന് ശേഷം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ചയോ ചർച്ചയോ നടത്തിയിട്ടില്ലെന്നും രാജേന്ദ്രൻ ആവർത്തിച്ചുപറഞ്ഞിരുന്നു. പിന്നാലെയാണ് ഇപ്പോൾ ബിജെപി നേതാക്കൾ വീട്ടിൽ സന്ദർശനം നടത്തിയിരിക്കുന്നത്.
എന്നാൽ, ബിജെപി നേതാക്കളുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നാണ് രാജേന്ദ്രന്റെ പ്രതികരണം. മൂന്നാറിൽ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില അനിഷ്ട സംഭവങ്ങൾ ഉണ്ടായിരുന്നു, ഇക്കാര്യം ചർച്ച ചെയ്യുകയായിരുന്നു വരവിന്റെ ഉദ്ദേശമെന്ന് ബിജെപി നേതാക്കളും പറഞ്ഞു.
നേരത്തേ, ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്രനേതൃത്വവുമായി രാജേന്ദ്രൻ ചർച്ച നടത്തിയിരുന്നു. രാജേന്ദ്രൻ മുന്നോട്ടുവച്ച ഉപാധികൾ കേന്ദ്ര നേതൃത്വം അംഗീകരിക്കാത്തതാണ് ചർച്ചകൾ നീളാൻ കാരണം എന്ന ആരോപണവും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."