റോഡ് തകര്‍ന്നാല്‍ കരാറുകാരന്‍ ഉത്തരവാദി: മുഖ്യമന്ത്രി
നെടുമങ്ങാട്: നിശ്ചിത കാലയളവിനുള്ളില്‍ റോഡ് തകര്‍ന്നാല്‍ ഇനി കരാറുകാരന്‍ ഉത്തരവാദിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍.
ഒരുകോടി രൂപ ചെലവില്‍ നെടുമങ്ങാട് നിര്‍മിച്ച മുനിസിപ്പല്‍ പാര്‍ക്കിങ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസനപദ്ധതികള്‍ ജനങ്ങളിലേക്കെത്താത്തതിനു പ്രധാനകാരണം അഴിമതിയാണ്. കരാറുകാരന്‍ പണി കഴിഞ്ഞുപോകുന്നതിനുമുമ്പ് തന്നെ റോഡിന്റെ സ്ഥിതി അവതാളത്തിലാവും. ഇത്തരം അഴിമതി വച്ചുപൊറുപ്പിക്കില്ല. അതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീതികുറഞ്ഞ റോഡുകളും ഗതാഗതകുരുക്കുമാണ് നെടുമങ്ങാടിന്റെ വികസനത്തിന് തടസമാകുന്നത്. നൂറു കാറുകളും 150ലേറെ ബൈക്കുകളും പാര്‍ക്ക് ചെയ്യാവുന്ന കേന്ദ്രം തിരക്കേറിയ നഗരത്തിന് ആശ്വാസമാവും. പഴകുറ്റിയില്‍ തുടങ്ങി കച്ചേരി ജങ്ഷന്‍ മാര്‍ക്കറ്റ് വഴി നഗരം ചുറ്റിവരുന്ന റോഡുകൂടി യാഥാര്‍ഥ്യമാവുന്നതോടെ നെടുമങ്ങാടിന്റെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നും ഇതിനായി 50 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സി ദിവാകരന്‍ എം.എല്‍.എ അധ്യക്ഷനായി. നെടുമങ്ങാട് നഗരസഭ തയ്യാറാക്കിയ ജൈവവൈവിധ്യ രജിസ്റ്റര്‍ ഡോ എ. സമ്പത്ത് എം.പി പ്രകാശനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, നഗരസഭാ സെക്രട്ടറി എസ് ജഹാംഗീര്‍, ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹരികേശന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."