ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ ശക്തമായ മഴ മുന്നറിയിപ്പ്; രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; കടല്‍ ക്ഷോഭം തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ തിരുവനന്തപുരത്തും, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലുമാണ് മഴ സാധ്യതയുള്ളത്.
അതേസമയം മെയ് 7,8,9 തീയതികളില്‍ സംസ്ഥാനത്തൊട്ടാകെ ഇടവിട്ട മഴയ്ക്കാണ് സാധ്യതയുള്ളത്. ഇതില്‍ എറണാകുളം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കന്‍ കേരളത്തില്‍ കടലാക്രമണ സാധ്യത
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് (05052024) രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ അതിതീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
തെക്കന്‍ കേരള തീരപ്രദേശങ്ങളില്‍ 6 മണിക്കൂര്‍ കടലാക്രമണ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ കേരളത്തില്‍ അടുത്ത 9 മണിക്കൂര്‍ കൂടി കടലാക്രമണ സാധ്യത നിലനില്‍ക്കുന്നുണ്ട്. കൂടാതെ രാത്രി എട്ട് മണിയോടെ കൂടുതല്‍ ശക്തമായ തിരകള്‍ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."