മന്ത്രിസഭയില്‍ പ്രമേയം പാസായി; ഇസ്‌റാഈലീലെ അല്‍ജസീറയുടെ പ്രവര്‍ത്തനം അവസാനിക്കും
ഇസ്‌റാഈലില്‍ അല്‍ജസീറയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പ്രമേയം പാസ്സാക്കി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മന്ത്രിസഭ. 'തീരുമാനം മന്ത്രിസഭ ഒറ്റക്കെട്ടായി പാസാക്കിയെന്നും അതിനാല്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നുമുള്ള സന്ദേശം' ലഭിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അല്‍ജസീറയടക്കമുള്ള മാധ്യമങ്ങളെ രാജ്യത്ത് നിന്ന് പുറന്തള്ളുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത് അനുവദിച്ചുള്ള ബില്‍ മന്ത്രിസഭ പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അല്‍ജസീറയുടെ പ്രവര്‍ത്തനം രാജ്യത്ത് അവസാനിപ്പിക്കുന്നതില്‍ മന്ത്രിസഭയില്‍ വോട്ടെടുപ്പ് നടന്നത്.
വോട്ടെടുപ്പില്‍ തീരുമാനത്തിന് അംഗീകാരം ലഭിച്ചതോടെ മന്ത്രിസഭാ പ്രഖ്യാപനം നെതന്യാഹു തന്നെ തന്റെ എക്സിലൂടെ കുറിച്ചു. 'തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇസ്‌റാഈലില്‍ അല്‍ജസീറയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഏകകണ്ഠമായി തീരുമാനമെടുത്തതായി' നെതന്യാഹു പറഞ്ഞു. മന്ത്രിസഭ തീരുമാനത്തില്‍ താന്‍ ഒപ്പുവെച്ചതായി ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍ മിനിസ്റ്റര്‍ ഷ്‌ലോമോ കാര്‍ഹിയും അറിയിച്ചു. 'ക്യാമറകള്‍, കമ്പ്യൂട്ടറുകള്‍, വാര്‍ത്താ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും പിടിച്ചെടുക്കുവാന്‍ നിര്‍ദേശം നല്‍കിയതായും' അദ്ദേഹം പറഞ്ഞു.
ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരതകള്‍ പുറം ലോകത്തെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ചാനല്‍ കൂടിയായിരുന്നു ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ. ഇത് ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെ അതൃപ്തിക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിലേക്കുള്ള നിയമ നിര്‍മ്മാണത്തിലേക്ക് കടന്നത്. രാജ്യ സുരക്ഷ ലംഘിച്ചാണ് അല്‍ജസീറ പ്രവര്‍ത്തിക്കുന്നതെന്നും ഒക്ടോബര്‍ ഏഴിന് രാജ്യത്ത് നടന്ന ആക്രമണത്തില്‍ ഹമാസിനൊപ്പം അല്‍ജസീറയും പങ്കാളിയായിരുന്നുവെന്ന് നെതന്യാഹു കഴിഞ്ഞ മാസം എക്സില്‍ കുറിച്ചിരുന്നു. ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനാക്കാരുടെ സുരക്ഷയ്ക്ക് നെതന്യാഹുവിന് ഉത്തരവാദിത്തം ഉണ്ടെന്നാണ് അല്‍ജസീറ അന്ന് പ്രതികരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."