ബ്രസീലിൽ വൻ വെള്ളപ്പൊക്കം; 75 മരണം, 100 ലേറെ പേരെ കാണാനില്ല
റിയോ ഡി ജനീറോ: ബ്രസീലിലെ തെക്കൻ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുണ്ടായ വൻ വെള്ളപ്പൊക്കത്തിൽ 75 പേർ ഇതുവരെ മരിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് 103 പേരെ കാണാതായി. ജനജീവിതം തീർത്തും ദുസ്സഹമായ അവസ്ഥയിലാണ് പ്രദേശം. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് സംഭവിച്ചത്.
മഴയിൽ നിന്നുള്ള നാശനഷ്ടങ്ങൾ മൂലം 88,000-ത്തിലധികം ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റി പാർപ്പിച്ചതായി സംസ്ഥാന സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. ഏകദേശം 16,000 പേർ സ്കൂളുകളിലും ജിംനേഷ്യങ്ങളിലും മറ്റ് താൽക്കാലിക ഷെൽട്ടറുകളിലും അഭയം പ്രാപിച്ചു.
വെള്ളപ്പൊക്കത്തെ തുടർന്ന് സംസ്ഥാനത്തുടനീളം മണ്ണിടിച്ചിലുകൾ ഉണ്ടായിട്ടുണ്ട്. വിവിധ ഇടങ്ങളിൽ റോഡുകൾ ഒലിച്ചുപോയി. പാലങ്ങൾ തകർന്നു. വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായതായി ഓപ്പറേറ്റർമാർ അറിയിച്ചു. ജലകമ്പനിയായ കോർസൻ്റെ കണക്കുകൾ പ്രകാരം, എട്ട് ലക്ഷത്തിലധികം ആളുകൾക്ക് ജലവിതരണം നടത്താൻ കഴിയാത്ത അവസ്ഥായാണ് ഉള്ളത്.
ബ്രസീലിയൻ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ഞായറാഴ്ച റിയോ ഗ്രാൻഡെ ഡോ സുൾ സന്ദർശിച്ചു. പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ, ധനമന്ത്രി ഫെർണാണ്ടോ ഹദ്ദാദ്, പരിസ്ഥിതി മന്ത്രി മറീന സിൽവ തുടങ്ങിയവർക്കൊപ്പമായിരുന്നു സന്ദർശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."