ഭൂസമരത്തില്‍ വിജയിച്ചു; പക്ഷേ ജീവിത സമരത്തില്‍ ..?
മലയിന്‍കീഴ്: ഭൂസമരത്തില്‍ വിജയിച്ചെങ്കിലും ചെങ്ങറ സമര പോരാളികള്‍ ജീവിത സമരത്തില്‍ തോല്‍വിയുടെ വക്കിലാണ്. സമരം ഒത്തുതീര്‍പ്പാക്കാന്‍ അധികൃതര്‍ അന്നു നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. നിലവില്‍ ഇവരുടെ സ്ഥിതി ദയനീയമാണ്.
2009ല്‍ ഭൂസമരം ഒത്തുതീര്‍ന്നിട്ടും സ്വന്തമായി ഭൂമി ലഭിക്കാതെ വന്നതോടെ സമരത്തില്‍ പങ്കെടുത്ത അറുപതോളം കുടുംബങ്ങള്‍ 2014 മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യഗ്രഹം നടത്തിയിരുന്നു. 2015 ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ഇവര്‍ക്കു ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനിച്ചു.
ഓരോ കുടുംബങ്ങള്‍ക്കും 25 സെന്റ് മുതല്‍ ഒരേക്കര്‍ ഭൂമി വരെയായിരുന്നു വാഗ്ദാനം. എന്നാല്‍ വാസയോഗ്യമല്ലാത്ത കുന്നിന്‍മുകളും മറ്റുമായിരുന്നു ഇവര്‍ക്കായി പതിച്ചു നല്‍കിയത്. ജീവിതസാഹചര്യങ്ങള്‍ക്ക് അനുകൂലമല്ലാത്തതിനാല്‍ സമരക്കാരിലധികവും ഭൂമി ഏറ്റെടുത്തില്ല. എന്നാല്‍ അവരില്‍ പത്തു കുടുംബങ്ങള്‍ കിട്ടിയ വസ്തുവില്‍ താമസം തുടങ്ങി.
മുക്കുന്നിമലയുടെ അടിവാരത്ത് വെള്ളൂര്‍ക്കോണത്തുള്ള പുറമ്പോക്കിലായിരുന്നു ഈ കുടുംബങ്ങള്‍ക്ക് പത്തു സെന്റ്‌വീതം ലഭിച്ചത്. ഇടുക്കി, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ് ഏറെയും. ഒന്‍പതു മാസം മുമ്പാണ് ഇവിടെ ചെറുകുടിലുകള്‍ കെട്ടി ഇവര്‍ താമസം തുടങ്ങിയത്. തരിശായി കിടക്കുന്ന വസ്തുവില്‍ അവര്‍ തന്നെ മാടം പണിതു. താമസവും തുടങ്ങി.
ഓലയും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ടു മറച്ചുണ്ടാക്കിയ കുടിലുകളില്‍ കഴിയുന്ന ഇവര്‍ മുഴുപട്ടിണിയിലാണ്. പലരും വയോധികരും രോഗികളുമാണ്. യാതൊരുവിധ വരുമാനവും ഇവര്‍ക്കില്ല.
മൂന്നു ലക്ഷം വീതം വീട് വയ്ക്കാന്‍ നല്‍കുമെന്നാണ് ഇവര്‍ക്കു സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ അതുപാലിക്കപ്പെട്ടില്ല. അടച്ചുറപ്പുള്ള വീട്, വൈദ്യുതി, റേഷന്‍കാര്‍ഡ് ഇവയൊക്കെ സ്വപ്നം കാണുകയാണിവര്‍.
തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ ഇവിടെ ചെറ്റക്കുടിലില്‍ പ്രാണഭയത്തോടെയാണു കുഞ്ഞുങ്ങളടക്കമുള്ളവര്‍ കഴിയുന്നത്. സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്നാണു കുടുംബങ്ങളുടെ ആവശ്യം. ഇവരുടെ ദയനീയതയറിഞ്ഞ് ചില സംഘടനകള്‍ ശൗചാലയങ്ങളും പൊതു കിണറും അടുത്തകാലത്തു നിര്‍മിച്ചു നല്‍കി. പക്ഷേ അത് കൊണ്ടു മാത്രം തീരുന്നില്ല ഇവരുടെ ദുരിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."