യുഎഇയില്‍ നീറ്റ് പരീക്ഷ എഴുതിയത് 2,209 വിദ്യാര്‍ഥികള്‍
ദുബൈ: ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ആഭിമുഖ്യത്തില്‍ ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂള്‍, അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ എന്നീ മൂന്നു കേന്ദ്രങ്ങളിലായി യുഎഇയില്‍ നീറ്റ് പരീക്ഷ നടന്നു. ആകെ 2,263 രജിസ്റ്റര്‍ ചെയ്തിരുന്നതില്‍ 2,209 പേരാണ് പരീക്ഷ എഴുതിയത്. 54 പേര്‍ പരീക്ഷക്ക് ഹാജരായില്ല.
ദുബൈയിലുള്ളവര്‍ ദുബൈ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷ എഴുതി. ഷാര്‍ജയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമായ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന നീറ്റ് പരീക്ഷയില്‍ 753 പേരാണ് ഹാജരായത്. 98 ശതമാനമായിരുന്നു ഹാജര്‍.
ഫിസിക്‌സ്, ബയോളജി പേപറുകള്‍ എളുപ്പമായിരുന്നു. എന്നാല്‍, കെമിസ്ട്രി നല്ല കട്ടിയായിരുന്നുവെന്നും ചില വിദ്യാര്‍ഥികള്‍ പറഞ്ഞു. അതേസമയം, എന്‍ട്രന്‍സ് നന്നായി എഴുതാനായെന്നാണ് മറ്റു ചില വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടത്.
ഈ പരീക്ഷയില്‍ നിന്നും യുഎഇയില്‍ നിരവധി ഡോക്ടര്‍മാരെ നമുക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും ഡയറക്ടറുമായ ഡോ. പ്രമോദ് മഹാജന്‍ പറഞ്ഞു.
വടക്കന്‍ എമിറേറ്റുകളായ ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയത്. പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, ഹെഡ് മാസ്റ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ നൂറോളം അധ്യാപകര്‍ പരീക്ഷക്ക് നേതൃത്വം നല്‍കി. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ 32 മുറികളിലായിരുന്നു വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ നിരീക്ഷകനായ ആശിഷ്, എന്‍ടിഎ നിരീക്ഷകനായ അജ്മാന്‍ ഡിപിഎസ് പ്രിന്‍സിപ്പല്‍ വിശാല്‍ കഠാരിയ എന്നിവരുടെ നേതൃത്വത്തിലും; 64 ഇന്‍വിജിലേറ്റര്‍മാരും 10 കോറിഡോര്‍ ഇന്‍-ചാര്‍ജുമാരും 5 ഐടി ഇന്‍-ചാര്‍ജുമാരുമാണ് പരീക്ഷ സുഗമമായും വ്യവസ്ഥാപിതമായും നടത്താന്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെയും ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെയും 45 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ലോകത്തെ ഏറ്റവും വലിയ പരീക്ഷയായ നീറ്റിന് ഇന്ന് എസ്‌ഐഎസ് വേദിയായത്. അതിന് സഹായിച്ച സിബിഎസ്ഇ ബോര്‍ഡിനും ഇന്ത്യന്‍ കോണ്‍സുലേറ്റിനും ഐഎഎസ് പ്രസിഡന്റ് നിസാര്‍ തളങ്കര നന്ദി അറിയിച്ചു. കുട്ടികള്‍ക്ക് സമ്മര്‍ദമില്ലാതെ പരീക്ഷ സുഗമമായി എഴുതാന്‍ വേദിയൊരുക്കാനായാണ് ഐഎഎസും എസ്‌ഐഎസും നീറ്റ് നിര്‍വഹിച്ച ദൗത്യമെന്നും നിസാര്‍ വ്യക്തമാക്കി.
സീല്‍ ചെയ്ത ഉത്തരക്കടലാസുകള്‍ ദുബൈ, ഷാര്‍ജ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലും അബുദാബി സെന്റര്‍ എംബസിയിലും സമര്‍പ്പിച്ചു. ഇവിടെനിന്ന് നയതന്ത്ര ബാഗിലാക്കി ഇവ ഇന്ത്യയില്‍ എത്തിക്കും.എംബിബിഎസ്, ബിഡിഎസ് വിഭാഗങ്ങളിലേക്ക് 15 രാജ്യങ്ങളില്‍ നിന്നുള്ള 25 ലക്ഷം വിദ്യാര്‍ത്ഥികളാണ് ആകെ നീറ്റ് പരീക്ഷക്കിരുന്നത്. ഇവരില്‍ നിന്നും 170,000 പേരാണ് ഇന്ത്യയിലെ 570 മെഡിക്കല്‍ കോളജുകളില്‍ പഠനം നടത്താന്‍ തെരഞ്ഞെടുക്കപ്പെടുക. നീറ്റ് പരീക്ഷാ ഫലം ജൂണ്‍ 16ന് അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."