സാങ്കേതിക തകരാര്‍; സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു
വാഷിങ്ടണ്‍: സാങ്കേതിക തകരാര്‍ മൂലം ബഹിരാകാശ വാഹനം സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവെച്ചു. സുനിത വില്യംസിനേയും കൊണ്ട് ബഹിരാകാശത്തേക്ക് കുതിക്കാനിരുന്ന ദൗത്യത്തിന്റെ വിക്ഷേപണമാണ് മാറ്റിവെച്ചത്. ഇനി എന്ന് വിക്ഷേപണമുണ്ടാകുമെന്ന അറിയിച്ചിട്ടില്ല.
ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര യായിരുന്നു ഇത്. കെന്നഡി സ്‌പേസ് സെന്ററില്‍ ഇന്ത്യന്‍ സമയം ഇന്ന് രാവിലെ എട്ടിനാണ് വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാല്‍, ദൗത്യത്തിന് 90 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു. ഓക്‌സിജന്‍ റിലീവ് വാല്‍വിലുണ്ടായ തകരാറാണ് വിക്ഷേപണം മാറ്റിവെക്കാന്‍ ഇടയാക്കിയതെന്ന് നാസ അറിയിച്ചു. സുനിത വില്യംസും നാസയുടെ ബെറി വില്യംമോറുമാണ് ഇന്റര്‍നാഷണല്‍ സ്!പേസ് സ്റ്റേഷനിലേക്ക് പോകാനിരുന്നത്. ഇരുവരും സുരക്ഷിതമായി പേടകത്തിന് പുറത്തെത്തി.
ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റായാണ് സുനിത വില്യംസ് ഇന്ന് യാത്ര ചെയ്യാനിരുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുമ്പോള്‍ തനിക്ക് വീട്ടിലേക്ക് മടങ്ങിയെത്തുന്ന പോലെയാണ് തോന്നാറെന്നും 59കാരിയായ സുനിത യാത്രക്ക് മുമ്പ് പറഞ്ഞിരുന്നു.പുതിയ ബഹിരാകാശ പേടകത്തിലെ യാത്രയെ കുറിച്ച് ഏറെ ആകാംക്ഷയുണ്ടെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.
സുനിത 2006ലും 2012ലുമാണ് ഇതിന് മുമ്പ് ബഹിരാകാശത്തേക്ക് പറന്നത്. നാസയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 322 ദിവസം സുനിത ബഹിരാകാശത്ത് ചെലവഴിച്ചു. 50 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് നടന്നുവെന്ന റെക്കോര്‍ഡും സുനിതയുടെ പേരിലുണ്ട്. ഏഴ് തവണയായിട്ടാണ് നേട്ടം സ്വന്തമാക്കിയത്.
ബഹിരാകാശത്ത് റെക്കോര്‍ഡുകള്‍ തിരുത്താനും സുനിത ലക്ഷ്യമിടുന്നു. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിതാ ഗഗന സഞ്ചാരിയെന്ന റെക്കോര്‍ഡ് അവര്‍ തിരുത്തും.മാരത്തോണ്‍ ഓട്ടക്കാരി കൂടിയാണ് സുനിത.
നാസയുടെ കൊമേഷ്യല്‍ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായ സ്റ്റാര്‍ലൈനറിന് വേണ്ടി നടത്തുന്ന ആദ്യത്തെ ക്രൂഡ് ഫ്‌ലൈറ്റ് ആണിത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്രൂ സ്‌പേസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ 100 സ്റ്റാര്‍ലൈനര്‍ പേടകം ഏഴ് യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പാകത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. മനുഷ്യരുമായി സ്റ്റാര്‍ലൈനര്‍ നടത്തുന്ന ആദ്യ യാത്രയാണിത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്റ്റാര്‍ലൈനര്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാസയോടൊപ്പം ചേര്‍ന്ന് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."