ബിന്ദുകൃഷ്ണ ഉള്‍പ്പെട്ട വാട്സ് ആപ് ഗ്രൂപ്പില്‍ മാധ്യമ പ്രവര്‍ത്തകക്കെതിരേ അശ്ലീല പരാമര്‍ശം
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ. ബിന്ദുകൃഷ്ണയും കൊല്ലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉള്‍പ്പെട്ട വാട്സ് ആപ് ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസിനെതിരേ അശ്ലീല പരാമര്‍ശം.
ഇതിനു പിന്നില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും ഡി.സി.സി സെക്രട്ടറിയുമായ ആളെന്നാണ് ആരോപണം. വാട്സ് ആപ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയുടെ സ്ക്രീന്‍ ഷോട്ടുമായി സുനിതയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഫേസ്ബുക്കില്‍ അശ്ലീല ചാറ്റിനായി വരുന്നവരെ തുറന്നു കാണിയ്ക്കാന്‍ സുനിത കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രചാരണമാണ് പ്രകോപനത്തിനു പിന്നിലെന്നു കരുതുന്നു.
തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമങ്ങളാണു കൊല്ലത്തെ കോണ്‍ഗ്രസുകാരുടെ ഭാഗത്തു നിന്നുമുണ്ടായതെന്ന് സുനിത പോസ്റ്റില്‍ പറയുന്നു. സംസ്ഥാന വനിതാ നേതാവ് ബിന്ദുകൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ അംഗമായ കോണ്‍ഗ്രസ് വാട്സ് ആപ് ഗ്രൂപ്പില്‍ തന്നെ അപമാനിക്കുന്ന സ്ക്രീന്‍ ഷോട്ടുകളും മറ്റുമയച്ച് ഇവര്‍ ചര്‍ച്ചകള്‍ നടത്തി. ഇത്തരം വികൃതമായ മാനസിക നിലയുള്ളവരാണ് രാഷ്ട്രീയക്കാര്‍ എന്നത് അദ്ഭുതത്തോടെ താന്‍ തിരിച്ചറിഞ്ഞുവെന്നും അവര്‍ പറയുന്നു. ഒരു സ്ത്രീയായിട്ടുപോലും തന്നെ അപമാനിക്കുന്നവര്‍ക്കു പരോക്ഷമായ പിന്തുണയാണ് ബിന്ദു കൃഷ്ണ നല്‍കിയതെന്നും ഇവര്‍ പ്രതിനിധാനം ചെയ്യുന്ന സ്ത്രീപക്ഷ രാഷ്ട്രീയം അങ്ങേയറ്റം അപകടകരമാണെന്നും അവര്‍ പോസ്റ്റില്‍ പറയുന്നു. സുനിതയുടെ പോസ്റ്റ് നവമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."