കരള്‍പിളരും കാഴ്ചകളില്‍ എരിഞ്ഞുതീരുന്ന പശ്ചിമേഷ്യ
ഐലാന്‍ കുര്‍ദിയുടെ ദാരുണാന്ത്യത്തിനുശേഷം ലോകമനഃസാക്ഷിയെ നൊമ്പരപ്പെടുത്തിയ ചിത്രമായിരുന്നു സിറിയന്‍ ബാലന്‍ ഇംറാന്റേത്. ബോംബുവീണു തകര്‍ന്ന വീടിനകത്തുനിന്നു കണ്ടെടുക്കപ്പെട്ട പിഞ്ചുബാലന്റെ മുഖവും മുടിയും കരുവാളിച്ച നിലയിലായിട്ടും ഇംറാന്‍ കരയാതെ നിര്‍വികാരതയോടെ ദുരന്തത്തെ ഏറ്റുവാങ്ങിയതായിരുന്നു ഏറെ വേദനിപ്പിച്ചത്.
കുഞ്ഞുങ്ങള്‍പോലും മരണത്തെ ഏതുനിമിഷവും പ്രതീക്ഷിക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു സിറിയ. മരണത്തിന്റെ ഷെല്ലുകള്‍ മേല്‍ക്കൂരയില്‍ പതിക്കുമ്പോള്‍ കുഞ്ഞുങ്ങളും സ്ത്രീകളും കൊല്ലപ്പെടുന്നു. ഇങ്ങനെയൊക്കെയായിട്ടും സാമ്രാജ്യത്വശക്തികളുടെ സാമ്രാജ്യവികസന മോഹങ്ങള്‍ക്ക് അറുതിവരുന്നില്ല. ഇംറാന്റെ കരുവാളിച്ച മുഖം സംപ്രേഷണംചെയ്ത വിദേശചാനല്‍ അവതാരകയുടെ വാക്കുകള്‍ ഗദ്ഗദംകൊണ്ടു മുറിഞ്ഞുപോയതും ലോകം കണ്ടതാണ്. മനഃസാക്ഷിയുള്ളവരുടെ കരള്‍പിളരുന്ന കാഴ്ചകളാണു ദിനമെന്നോണം സിറിയയിലും യമനിലും ലിബിയയിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ഞൂറിലേറെ സാധാരണ പൗരന്മാരാണു സിറിയയില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാവുറങ്ങിയാല്‍ പുലരുമെന്ന് ഇന്നു സിറിയന്‍ ജനതയ്ക്ക് ഉറപ്പില്ല. പ്രതീക്ഷകളുടെ പൊന്‍പുലരികള്‍ നശിച്ച ജനതയുടെ ദുരിതം എന്നുതീരുമെന്ന് ഒരുറപ്പുമില്ല. അമേരിക്കയും റഷ്യയുമാണു സിറിയന്‍ ജനതയുടെ പേരില്‍ പരസ്പരം പോരടിക്കുന്നത്. ഐ.എസിനെ തുരത്താനെന്ന വ്യാജേന നിരപരാധികളായ മനുഷ്യരെയും ആശുപത്രികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയുമാണു രണ്ടു സാമ്രാജ്യത്വശക്തികളും കൂടി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രഭാതഭക്ഷണം കഴിക്കുകയായിരുന്ന കുടുംബത്തിന്റെ നെറുകയിലാണു ബോംബുവീണത്. കഴിഞ്ഞ പതിമൂന്നിനും പത്തൊന്‍പതിനും ഇടയ്ക്കു 96 കുട്ടികളാണു റഷ്യയുടെ കിരാതമായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദിന്റെ പിന്തുണയോടെ റഷ്യ നടത്തുന്ന കൊലവിളി നിസ്സഹായരായ ജനത മരണംകൊണ്ടാണു എതിരിടുന്നത്.
ജനവാസകേന്ദ്രങ്ങള്‍, പള്ളികള്‍, ആശുപത്രികള്‍ എന്നിവയെ കേന്ദ്രീകരിച്ചു റഷ്യയും അസദിന്റെ സൈന്യവും നടത്തുന്ന ആക്രമണങ്ങള്‍ ഐ.എസിനെ തുരത്താനല്ല, തദ്ദേശീയരെ കൊന്നൊടുക്കാനാണുപയോഗപ്പെടുന്നത്. എഴുപത്തിമൂന്നു സ്ത്രീകളെയാണു കഴിഞ്ഞ ഒരാഴ്ചക്കിടെ റഷ്യന്‍ സൈന്യം ബോംബിട്ടു കൊന്നത്. മാരകമായ ക്ലസ്റ്റര്‍ മിസൈലുകള്‍ മുതല്‍ വൈറ്റ് ഫോസ്ഫറസ് ഉള്‍പ്പെടെയുള്ള രാസായുധങ്ങള്‍വരെ പിഞ്ചുകുഞ്ഞുങ്ങള്‍ക്കുനേരേ ഉപയോഗിക്കാന്‍ സാമ്രാജ്യത്വശക്തികള്‍ക്ക് ഒരു മനഃസാക്ഷിക്കുത്തുമില്ല. 2011 മാര്‍ച്ചില്‍ തുടങ്ങിയ റഷ്യന്‍ ആഭ്യന്തരയുദ്ധത്തില്‍ 2,80,000 സിറിയന്‍ ജനത മരണപ്പെടുകയുണ്ടായി. ആരോടും ഒരു തെറ്റും ചെയ്യാത്ത ഇത്രയും മനുഷ്യര്‍ മരണപ്പെട്ടതു സാമ്രാജ്യത്വശക്തികളുടെ അധിനിവേശമോഹംകൊണ്ടു മാത്രമാണ്. ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ തകര്‍ന്ന കെട്ടിടത്തിനകത്തുനിന്നു കേട്ടപ്പോള്‍ വളരെ പ്രയാസപ്പെട്ടു കുഞ്ഞിനെ രക്ഷിക്കുന്ന ചിത്രം നിറക്കണ്ണുകളോടെ മാത്രമേ പലരും കണ്ടിരിക്കാനിടയുള്ളൂ. പശ്ചിമേഷ്യയില്‍ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുന്നതു സാമ്രാജ്യത്വശക്തികളുടെ അധിനിവേശമോഹമാണ്.
റഷ്യയും ബ്രിട്ടനും അമേരിക്കയും കഴുകന്മാരെപ്പോലെ സമ്പല്‍സമൃദ്ധമായ പശ്ചിമേഷ്യയെ കൊത്തിവലിക്കാനായി നടത്തുന്ന യുദ്ധങ്ങളാണു പശ്ചിമേഷ്യയുടെ സമാധാനം നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇറാഖില്‍ രാസായുധങ്ങളുണ്ടെന്നു പറഞ്ഞ് ആ രാഷ്ട്രത്തെ അമേരിക്ക നശിപ്പിച്ചത് ഇറാഖിന്റെ സമ്പത്തു കൊള്ളയടിക്കാന്‍വേണ്ടിയായിരുന്നു. വെള്ളം കലക്കിയെന്നാരോപിച്ച് ആട്ടിന്‍കുട്ടിയെ ചെന്നായ കൊന്നുതിന്നതിനോടാണു സാമ്രാജ്യത്വശക്തികളുടെ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളെ ആക്രമിക്കുന്നതിനെ ഉപമിക്കേണ്ടത്.
ഇതേലക്ഷ്യത്തോടെ തന്നെയാണു ഫലസ്തീനെ ഛിന്നഭിന്നമാക്കിക്കൊണ്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനെ നാശോന്മുഖമാക്കിയതും ഈ ഭീകരരാഷ്ട്രങ്ങള്‍തന്നെ. സാമ്രാജ്യത്വശക്തികളുടെ അതിമോഹങ്ങള്‍ പശ്ചിമേഷ്യയില്‍ അടിച്ചേല്‍പ്പിക്കാനായി അവര്‍ നടത്തുന്ന കുതന്ത്രങ്ങളും തുടര്‍ന്ന് അവര്‍തന്നെ നടത്തുന്ന സമാധാനചര്‍ച്ചാനാട്യങ്ങളുമാണിപ്പോള്‍ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ലിബിയയിലാകട്ടെ സിര്‍ത് നഗരത്തിനുവേണ്ടി ഐ.എസും സൈന്യവും പോരാടുന്നു. ഐ.എസ് എന്നത് ഇസ്്‌ലാമിക് സ്‌റ്റേറ്റല്ലെന്നു പലരും ഇന്നു മനസിലാക്കിയിട്ടുണ്ട്.
സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും റഷ്യയും ജനീവയില്‍ വീണ്ടും ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചിരിക്കുകയാണ്. നേരത്തെയും റഷ്യയും അമേരിക്കയും സിറിയയില്‍ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും വിജയിക്കാതെ പോയത് ഇരുരാഷ്ട്രങ്ങളുടെയും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കു ഹാനിസംഭവിക്കുന്നതിനാലായിരുന്നു. സ്വന്തം ജനതയെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കുന്ന സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദിന് എല്ലാ പിന്തുണയും നല്‍കുന്നതു റഷ്യയാണ്. റഷ്യയുടെ മര്‍ക്കടമുഷ്ടി കാരണമാണ് അസദ് ഇപ്പോഴും പ്രസിഡന്റ് സ്ഥാനത്തു തുടരുന്നത്. ഈജിപ്തില്‍നിന്നു ഹുസ്‌നി മുബാറക്കിനേയും ലിബിയയില്‍ നിന്നു മുഅമ്മര്‍ ഗദ്ദാഫിയെയും താഴെയിറക്കിയ ജനതയുടെ ഇച്ഛാശക്തിക്കു മുന്‍പില്‍ സാമ്രാജ്യത്വ ശക്തികള്‍ മുട്ടുമടക്കി.
ഇത്തരം ശ്രമങ്ങള്‍ സിറിയയില്‍ വിജയിക്കാതെ പോകുന്നതു നിരാലംബരായ ജനതയ്ക്കുനേരേ റഷ്യ മിസൈലുകള്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്നതിനാലാണ്. അക്രമിയായ ബശാറുല്‍ അസദിനെ സംരക്ഷിക്കാന്‍വേണ്ടി മാത്രമാണു റഷ്യ സിറിയന്‍ ജനതയെ കൊന്നൊടുക്കുന്നത്. അതുവഴി സിറിയയുടെ പ്രകൃതിസമ്പത്തു കവരാനും. അല്ലാതെ ഐ.എസിനെ നശിപ്പിക്കാനല്ല. ഐ.എസ് എന്ന സംഘടന അമേരിക്ക - ഇസ്‌റായേല്‍ സൃഷ്ടിയാണെന്ന് ലോകം തന്നെ അംഗീകരിച്ചതാണ്. സിറിയയിലും യമനിലും ലിബിയയിലും ഇറാനിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും സമാധാനപൂര്‍വമായ ജനജീവിതം തിരിച്ചുകൊണ്ടുവരികയെന്നൊന്ന് സാമ്രാജ്യത്വ ശക്തികളുടെ അജന്‍ഡയിലില്ല. സമാധാനം സ്ഥാപിക്കാനെന്ന ഭാവേന അവിടങ്ങളില്‍ ആഭ്യന്തരയുദ്ധങ്ങള്‍ക്ക് തിരികൊളുത്തുകയും അതിനായി ആയുധങ്ങള്‍ വിറ്റഴിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് അവരുടേത്. സംരക്ഷിക്കാനെന്ന പേരില്‍ യുദ്ധങ്ങളില്‍ ഇടപെട്ട് അവിടങ്ങളിലെ പ്രകൃതിസമ്പത്ത് കവര്‍ന്നെടുക്കുകയും ചെയ്യുന്നു. നിര്‍ഭാഗ്യവശാല്‍ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ സാമ്രാജ്യത്വശക്തികളുടെ ഇരട്ടമുഖമുള്ള ഈ സമീപനം തിരിച്ചറിയുന്നില്ല. അവര്‍ വംശീയ യുദ്ധങ്ങളില്‍ അഭിരമിക്കുകയാണ്.
സാമ്രാജ്യത്വശക്തികള്‍ക്ക് പശ്ചിമേഷ്യ നിലനില്‍ക്കണമെന്നാഗ്രഹമില്ല. അവിടങ്ങളില്‍ നിന്നും പ്രകൃതിവിഭവങ്ങള്‍ കരസ്ഥമാക്കുകയും അതിനായി ആഭ്യന്തരയുദ്ധങ്ങള്‍ നടത്തുകയും ആയുധങ്ങള്‍ വിറ്റഴിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ശൈലി. എണ്ണക്കു പകരം ആയുധങ്ങള്‍ നല്‍കി പശ്ചിമേഷ്യയില്‍ യുദ്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജിലാവ് റോവും ജനീവയില്‍ സാമാധാന ചര്‍ച്ച നടത്തിയത് കൊണ്ടൊന്നും സിറിയയില്‍ സമാധാനം പുലരുമെന്നു തോന്നുന്നില്ല. സിറിയയില്‍ റഷ്യ ബശാറുല്‍ അസദിനെ നിലനിര്‍ത്തുന്നിടത്തോളം യുദ്ധവും സമാധാന ചര്‍ച്ചകളും പ്രഹസനങ്ങളായിത്തുടരും. പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ അവരുടെ സ്വത്വത്തെ തിരിച്ചറിഞ്ഞ് സാമ്രാജ്യത്വ കുതന്ത്രങ്ങള്‍ക്കെതിരേ ഉണരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അവര്‍ക്കിടയിലെ വംശീയവും മതപരവും രാഷ്ട്രീയവുമായ ഭിന്നതകള്‍ക്ക് വളംനല്‍കുന്നത് സാമ്രാജ്യത്വ ശക്തികളാണെന്ന് തിരിച്ചറിയുന്നില്ലെങ്കില്‍ പശ്ചിമേഷ്യ ഒന്നടങ്കം എരിഞ്ഞുതീരുന്ന കാലം വിദൂരമാവുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."