ഇന്ത്യയിലെത്തുന്ന വിദേശികള്‍ പാവാട ധരിക്കരുതെന്ന് കേന്ദ്രമന്ത്രി
ആഗ്ര: ഇന്ത്യയിലെത്തുന്ന വിദേശികള്‍ ചെറിയ പാവാട ധരിക്കരുതെന്ന് കേന്ദ്ര സാംസ്‌കാരിക - ടൂറിസം വകുപ്പു മന്ത്രി മഹേഷ് ശര്‍മ. ആഗ്രയിലെ താജ് സിറ്റിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ ഇറക്കം കുറഞ്ഞ പാവാടയും അതുപോലുള്ള മറ്റു വസ്ത്രങ്ങളും ധരിക്കുന്നത് ഇന്ത്യയുടെ സംസ്‌കാരത്തിന് യോജിച്ചതല്ല. ഇന്ത്യയുടെ സംസ്‌കാരം യൂറോപ്യന്‍ സംസ്‌കാരത്തില്‍ നിന്നും വളരെ വിഭിന്നമാണ്. വിനോദസഞ്ചാരികളുടെ സുരക്ഷ കൂടി കരുതിയാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശവനിതകള്‍ രാത്രിയില്‍ തനിച്ച് പുറത്തിറങ്ങി നടക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെത്തുമ്പോള്‍ ചെയ്യേണ്ടതും ചെയ്യാതിരിക്കേണ്ടതുമായ കാര്യങ്ങള്‍ സംബന്ധിച്ച് ലഘുലേഖ തയ്യാറാക്കി വിദേശടൂറിസ്റ്റുകള്‍ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ തന്നെ ലഘുലേഖകള്‍ അവരുടെ കൈകളില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മഥുര, വൃന്ദാവന്‍ പോലുള്ള ക്ഷേത്രനഗരങ്ങള്‍ സന്ദര്‍ശിക്കുന്ന വിദേശികള്‍ ഇന്ത്യന്‍ സംസ്‌കാരം പാലിക്കണമെന്നും മഹേഷ് ശര്‍മ പറഞ്ഞു.
വിദേശികള്‍ എന്തു ധരിക്കണമെന്നോ ധരിക്കാതിരിക്കണമെന്നോ സംബന്ധിച്ച് യാതൊരു വിധ കര്‍ശന നിര്‍ദേശങ്ങളും നല്‍കുന്നില്ല. രാത്രിയില്‍ പുറത്തിറങ്ങുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ മാത്രമാണ് വിദേശികള്‍ക്ക് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകള്‍ രാത്രിയില്‍ പുറത്തിറങ്ങുന്നത് ഇന്ത്യയുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന പ്രസ്താവനയിറക്കി ഒരു വര്‍ഷം മുന്‍പ് വിവാദത്തിലായ ആളാണ് മഹേഷ് ശര്‍മ.
പ്രസ്താവന വളച്ചൊടിച്ചെന്ന്
മന്ത്രിയുടെ വിശദീകരണം
ന്യൂഡല്‍ഹി: വിദേശികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ. ആരാധനാലയങ്ങളിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് താന്‍ അത്തരമൊരു പ്രസ്താവന നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന വിദേശികള്‍ ഇവിടുത്തെ സംസ്‌കാരവുമായി ബവന്ധപ്പെട്ട് ചില നിയമങ്ങള്‍ പിന്‍തുടരേണ്ടതുണ്ട്.
ഒരാളും വസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഉയര്‍ത്തിക്കൊണ്ടു വരാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. ക്ഷേത്രസന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാത്രമാണ് താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്.
തനിക്ക് രണ്ടു പെണ്‍ മക്കളാണ് ഉള്ളതെന്നും അതുകൊണ്ടു തന്നെ സ്ത്രീകള്‍ എന്തു ധരിക്കണമെന്നോ ധരിക്കാതിരിക്കണമെന്നോ താന്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് ആഗ്രയിലെ വനിതാ ആക്ടിവിസ്റ്റുകളും ടൂറിസം മേഖലയില്‍ നിന്നുള്ള നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."