ജീവനക്കാരുടെ സമരം, എയര്‍ ഇന്ത്യ ഇന്നും സര്‍വിസുകള്‍ റദ്ദാക്കി
കണ്ണൂര്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ഇന്നും സര്‍വിസുകള്‍ റദ്ദാക്കി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നാല് സര്‍വിസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദാബി, ദമ്മാം വിമാന സര്‍വിസുകളാണ് കണ്ണൂരില്‍ നിന്ന് റദ്ദാക്കിയത്. മേയ് 13ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതായി യാത്രക്കാര്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് നെടുമ്പാശേരിയില്‍ നിന്ന് കൊല്‍ക്കത്തക്കുള്ള വിമാനവും റദ്ദാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സര്‍വിസുകളും മുടങ്ങി. യാത്ര മുടങ്ങിയതോടെ പലയിടത്തും കനത്ത പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ ഇന്നലെ നടത്തിയ അപ്രതീക്ഷിത സമരത്തില്‍ രാജ്യത്താകെ 80ലേറെ വിമാനസര്‍വിസുകള്‍ മുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ നിരവധി വിമാനങ്ങള്‍ വൈകിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് അവധി കഴിഞ്ഞ് തിരിച്ചുപോകുന്നവര്‍ക്ക് തിരിച്ചടിയായി. പല വിമാനത്താവളങ്ങളിലും യാത്രക്കാരും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതരും തമ്മില്‍ തര്‍ക്കങ്ങളും അരങ്ങേറി. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനം റദ്ദാക്കിയവിവരം പലയിടത്തും യാത്രക്കാരെ അറിയിച്ചത്.
മാനേജ്‌മെന്റിനോടുള്ള പ്രതിഷേധത്തെതുടര്‍ന്ന് 200ലേറെ ജീവനക്കാരാണ് കൂട്ടമായി രോഗാവധിയെടുത്തത് സമരത്തിന്റെ ഭാഗമായത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ജീവനക്കാര്‍ ചൊവ്വാഴ്ച രാത്രിയാണ് ചരിത്രത്തിലില്ലാത്ത വിധം മിന്നല്‍ പണിമുടക്ക് തുടങ്ങിയത്.
സര്‍വീസ് തടസ്സപ്പെട്ടതില്‍ ക്ഷമ ചോദിക്കുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. പണം തിരിച്ചുനല്‍കുകയോ മറ്റൊരു ദിവസത്തേക്ക് യാത്ര പുനക്രമീകരിക്കുകയോ ചെയ്യുമെന്നും കമ്പനി വാഗ്ദാനം ചെയ്തു. കമ്പനിയുടെ കെടുകാര്യസ്ഥത ജീവനക്കാരുടെ മനോവീര്യത്തെ ബാധിച്ചതായി എയര്‍ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂനിയന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."