എല്ലാ വീട്ടിലും ചെസ് ബോര്‍ഡുകള്‍ വേണം; ഇന്ത്യക്കാരെയെല്ലാം കളി പഠിപ്പിക്കാന്‍ ചെസ് ഫെഡറേഷന്‍
രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി രൂപയുടെ ബജറ്റ് പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍ (എഐസിഎഫ്). എല്ലാ വീട്ടിലും ചെസ് എത്തിക്കുക എന്നതാണ് ലക്ഷ്യം. തുടക്കക്കാര്‍ മുതല്‍ പ്രൊഫഷണല്‍ കളിക്കാര്‍ വരെയുള്ളവര്‍ക്ക് സാമ്പത്തികവും അക്കാദമികവുമായ സഹായങ്ങള്‍ നല്‍കും. കൂടാതെ ദേശീയതലത്തില്‍ എഐസിഎഫ് പ്രോ, എഐസിഎഫ് പോപ്പുലര്‍ എന്നീ പരിപാടികളും സംഘടിപ്പിക്കും. ജനറല്‍ബോഡി യോഗത്തിന് ശേഷം, ഫെഡറേഷന്‍ പ്രസിഡന്റ് നിതിന്‍ നാരംഗ് ആണ് പ്രഖ്യാപനം നടത്തിയത്.
കളിക്കാര്‍ക്കും പരിശീലകര്‍ക്കും പിന്തുണ നല്‍കുന്നതിനായി പ്രത്യേക ചെസ് ഡെവലപ്മെന്റ് ഫണ്ട്, ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള അസോസിയേഷനുകള്‍ക്ക് ധനസഹായം, മുന്‍നിര ചെസ് താരങ്ങള്‍ക്കായി നാഷണല്‍ ചെസ് അരിന (എന്‍സിഎ), ഇന്ത്യന്‍ കളിക്കാര്‍ക്കായി പ്രത്യേക റേറ്റിംഗ് സിസ്റ്റം (എഐസിഎഫ്) എന്നിവയാണ് മറ്റ് പദ്ധതികള്‍. പ്രാദേശിക തലത്തില്‍ തന്നെ തുടക്കക്കാരെ കണ്ടെത്തി പരിശീലനവും പ്രോത്സാഹനവും നല്‍കി ആഗോളതലത്തിലുള്ള മികവിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. 'വീടുവീടാന്തരം ചെസ്, എല്ലാ വീട്ടിലും ചെസ്' എന്നതാണ് എഐസിഎഫിന്റെ പുതിയ ആശയം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും ചെസ് കളിക്കുന്ന തരത്തിലേക്ക് പ്രോത്സാഹനം നല്‍കും. സ്ത്രീകളെ കൂടുതലായി ഉള്‍പ്പെടുത്താന്‍ സവിശേഷ ശ്രദ്ധ നല്‍കും. നിരവധി ഗ്രാന്‍ഡ്മാസ്റ്റര്‍മാരുടെ രാജ്യമായി ഇന്ത്യയെ മാറ്റാനാണ് ശ്രമമെന്ന് നിതിന്‍ സാരംഗ് വ്യക്തമാക്കി.
രാജ്യത്ത് ചെസ് കളിക്കുന്നവരെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് വാര്‍ഷിക വേതനം നല്‍കാനും പദ്ധതിയുണ്ട്. ചെസ് കളിയിലെ മികവിനുള്ള അംഗീകാരമായി റേറ്റിങ്ങില്‍ ആദ്യ 20 സ്ഥാനങ്ങളിലെത്തുന്ന താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. എഫ്‌ഐഡിഇ റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ 10 പുരുഷതാരങ്ങള്‍ക്കും 10 സ്ത്രീതാരങ്ങള്‍ക്കുമാണ് പുരസ്‌കാരം നല്‍കുക. അണ്ടര്‍ 17 മുതല്‍ അണ്ടര്‍ 19 വരെയുള്ള ദേശീയതല ചെസ് താരങ്ങള്‍ക്ക് എഐസിഎഫ് രണ്ട് വര്‍ഷത്തെ കരാര്‍ ലഭ്യമാക്കും. ഓരോ വിഭാഗത്തിലും 20,000 രൂപമുതല്‍ അരലക്ഷം രൂപവരെ കളിക്കാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."