40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി പൊലിസ് കസ്റ്റഡിയില്‍
മലപ്പുറം: വേങ്ങര സ്വദേശിയില്‍ നിന്ന് ഒരു കോടി എട്ടുലക്ഷം രൂപ ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ തട്ടിയെടുത്ത സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. കര്‍ണാടക പെരിയപ്പട്ടണ താലൂക്കില്‍ ഹരാനപ്പള്ളി ഹോബഌ സ്വദേശി അബ്ദുല്‍ റോഷനാണ് പൊലിസിന്റെ പിടിയിലായത്. മലപ്പുറം ജില്ല പൊലിസ് മേധാവി എസ് ശശിധരന്റെ കീഴില്‍ സൈബര്‍ ഇന്‍സ്‌പെക്ടര്‍ ഐ.സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബര്‍ ക്രൈം സ്‌ക്വാഡാണ് റോഷനെ അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ മടിക്കേരിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്ന് 40,000 സിംകാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിയ സംഘത്തിലെ അംഗമാണ് റോഷനെന്ന് പൊലിസ് പറഞ്ഞു. തട്ടിപ്പ് സംഘങ്ങള്‍ക്ക് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കുന്നത് ഇയാളാണ്.
വേങ്ങര സ്വദേശി ഫേസ്ബുക്കില്‍ കണ്ട ഷെയര്‍ മാര്‍ക്കറ്റ് സൈറ്റിന്റെ ലിങ്കില്‍ ക്ലിക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് തട്ടിപ്പുകാര്‍ ഷെയര്‍ മാര്‍ക്കറ്റ് സൈറ്റിന്റെ കസ്റ്റമര്‍ കെയര്‍ എന്ന വ്യാജേന ഇയാളെ ബന്ധപ്പെട്ടു. ഒരു സ്ത്രീയുടെ പ്രൊഫൈല്‍ പിക്ച്ചര്‍ വെച്ച വാട്‌സ്ആപ്പ് നമ്പറിലൂടെ ഇവര്‍ പരാതിക്കാരന് ട്രേഡിങ് വിശദാംശങ്ങള്‍ നല്‍കുകയും ചെയ്തു. പിന്നീട് വമ്പന്‍ ഓഫറുകള്‍ നല്‍കി പരാതിക്കാരനെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഒരു കോടി എട്ട് ലക്ഷം രൂപ വിവിധ ബാങ്കുകളില്‍ നിക്ഷേപിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ലാഭവിഹിതം നല്‍കാതെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്.
ജില്ല പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച സൈബര്‍ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിം കാര്‍ഡുകള്‍ സപ്ലൈ ചെയ്യുന്ന പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. ഇയാളുമായി ബന്ധമുള്ള മൊബൈല്‍ ഷോപ്പുകള്‍ പുതിയ സിം കാര്‍ഡ് എടുക്കാനെത്തുന്നവരുടെ ഫിംഗര്‍ പ്രിന്റ് അവരറിയാതെ പല തവണകളായി ഉപയോഗിച്ച് വ്യാജ സിം കാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്ത് ഒരു സിമ്മിന് 50 രൂപ നിരക്കില്‍ കൈമാറുകയാണ് പതിവ്. പിന്നീടിത് തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കും.
സൈബര്‍ ക്രൈം പൊലിസ് സ്റ്റേഷന്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസറായ പൊലിസ് ഇന്‍സ്‌പെക്ടര്‍ ഐ.സി ചിത്തരജ്ഞന്‍, പ്രത്യേക ജില്ലാ സൈബര്‍ സ്‌ക്വാഡ് അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍ നജിമുദ്ധീന്‍ മണ്ണിശ്ശേരി, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ ഷൈജല്‍ പടിപ്പുര, സിവില്‍ പൊലിസ് ഓഫീസര്‍മാരായ ഇ.ജി പ്രദീപ്, ഷാഫി പന്ത്രാല, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ രാജരത്‌നം എന്നിവരുടെ സംഘമാണ് കേസ് അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."