വോട്ടെടുപ്പ് അവസാനത്തോട് അടുക്കുന്തോറും തീവ്ര വിദ്വേഷം പരത്തി ബി.ജെ.പി നേതാക്കള്‍; മോദിക്കെതിരേ രണ്ടാഴ്ചയായിട്ടും നടപടിയെടുക്കാതെ തെര.കമ്മിഷന്‍
ന്യൂഡല്‍ഹി: മുസ്ലിംകളെ നുഴഞ്ഞുകയറ്റക്കാരും കൂടുതല്‍ പ്രസവിക്കുന്നവരുമെന്ന് വിശേഷിപ്പിച്ച്, കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ രാജ്യത്തിന്റെ സ്വത്തെല്ലാം അവര്‍ക്ക് കൊടുക്കുമെന്നതുള്‍പ്പെടെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷപ്രസംഗത്തിന്‍മേല്‍ ഇനിയും നടപടിയെടുക്കാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. മോദിക്കെതിരായ നടപടി നീളുന്നതോടെ മറ്റ് ബി.ജെ.പി നേതാക്കളും മത്സരിച്ച് വിദ്വേഷവും വര്‍ഗീയതും പ്രസംഗിക്കുന്നത് കൂടിയിട്ടുമുണ്ട്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ അവകാശപ്പെട്ടാണ് മോദിയുള്‍പ്പെടെയുള്ളവര്‍ വിദ്വേഷം പ്രസംഗിക്കുന്നത്. കോണ്‍ഗ്രസ് ജയിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ മതത്തിന്റെപേരില്‍ നിശ്ചയിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശവും രാമക്ഷേത്രത്തിന് ബാബറി പൂട്ട് വീഴുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗവും ഈ ഗണത്തിലെ ഒടുവലത്തേതാണ്. തുടക്കത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളായിരുന്നു ബി.ജെ.പി.യുടെ പ്രധാനവിഷയമെങ്കില്‍ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിങ് കുറയുകയും എന്‍.ഡി.എ വിരുദ്ധവികാരം അടിത്തട്ടിലുണ്ടെന്ന സൂചന പുറത്തുവരുകയുംചെയ്തതോടെയാണ് തീവ്രവര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക നടത്താന്‍ മോദി മുതിര്‍ന്നത്.
കൂടാതെ പ്രചാരണവിഡിയോകളുടെ പേരിലും ബിജെപി മുസ്ലിം വിരുദ്ധ വികാരം സൃഷ്ടിക്കുകയാണ്.
കഴിഞ്ഞമാസം 21നാണ് രാജസ്ഥാനില്‍ ബി.ജെ.പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ മോദി വിദ്വേഷം പ്രസംഗിച്ചത്. പ്രസംഗം പിന്നീട് ബി.ജെ.പി ന്യായീകരിക്കുകയും മോദിയുള്‍പ്പെടെയുള്ളവര്‍ സമാനവും അതിലേറെ ഗുരുതരവുമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും ഇതേകുറിച്ചെല്ലാം പ്രതിപക്ഷം നല്‍കിയ പരാതിയില്‍ കമ്മിഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കുകയാണ്.
വിഷയത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടെ നല്‍കിയ പരാതികളാണ് കമ്മിഷന്‍ മുമ്പാകെയുള്ളത്. മോദി നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തോട് വിശദീകരണം ചോദിക്കാതെ ബി.ജെ.പിയോട് വിശദീകരണം ചോദിച്ച അസാധാരണനീക്കം കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായെങ്കിലും അതില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. വിഷയത്തില്‍ വിശദീകരണം നല്‍കേണ്ട പരിധി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്.
പ്രധാനമന്ത്രിക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍വചന്‍ സദനിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തെത്തിയാണ് പരാതി സമര്‍പ്പിച്ചത്. മോദിക്കെതിരായതുള്‍പ്പെടെ മൊത്തം 16 പരാതികളാണ് കോണ്‍ഗ്രസ് സമര്‍പ്പിച്ചത്. സി.പി.എമ്മിന് വേണ്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പരാതി നല്‍കി. ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യംവയ്ക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ 123(3) വകുപ്പിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനമാണെന്നാണ് പരാതിയില്‍ യെച്ചൂരി ചൂണ്ടിക്കാട്ടിയത്. മോദിക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 2,200 വ്യക്തികള്‍ നല്‍കിയ പരാതിയും കമ്മിഷന്‍ മുമ്പാകെയുണ്ട്.
മുസ്ലിംകളുടെ ദാരുണമായ സാമൂഹികസാഹചര്യം വിശദീകരിക്കുന്ന സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ 2006ല്‍ അന്നത്തെ പ്രധനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നടത്തിയ പ്രസംഗം ചൂണ്ടിയാണ് മോദിയുടെ പരാമര്‍ശം എങ്കിലും, നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതല്‍ പ്രസവിക്കുന്നവരെന്നുമുള്ള ആക്ഷേപവാക്കുകള്‍ മോദി ഉപയോഗിച്ചതെന്തിനെന്ന ചോദ്യവും ഉയര്‍ന്നിരുന്നു.
അതേസമയം, മോദിയുടെ വിദ്വേഷ പ്രസംഗങ്ങളില്‍ നടപടി വൈകുന്നത് ചൂണ്ടിക്കാട്ടി ഇന്‍ഡ്യാ മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ കാണും. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗങ്ങളില്‍ നടപടി വൈകുകയാണെന്നും മോദിയുടെ വാക്കുകള്‍ പിന്തുടര്‍ന്ന് ബി.ജെ.പി നേതാക്കളെല്ലാം തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ വിദ്വേഷം ആവര്‍ത്തിക്കുകയാണെന്നും മുന്നണി നേതാക്കള്‍ ചൂണ്ടിക്കാട്ടും. മോദിക്കെതിരെ നടപടി എടുക്കാത്തതിനാല്‍ വിദ്വഷേ പ്രസംഗം നടത്തുന്ന അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെയും നടപടിയെടുക്കാനാകില്ലെന്നാണ് നേതാക്കളുടെ പരാതി.
അതിനിടെ നരേന്ദ്രമോദി നടത്തിയ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നഗ്നമായ പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരേ നടപടിയെടുക്കാന്‍ കമ്മിഷന് കോടതി നിര്‍ദേശം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് വേണ്ടി സംസ്ഥാന അധ്യക്ഷന്‍ സെല്‍വപെരുന്തഗൈ ആണ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."