കെജ്‌രിവാളിന്റെ ജാമ്യം ബിജെപിയുടെ കുത്സിതനീക്കത്തിനേറ്റ തിരിച്ചടി: മുഖ്യമന്ത്രി
തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നല്‍കിയ സുപ്രിംകോടതി തീരുമാനത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുര്‍വ്വിനിയോഗത്തിലൂടെ ഭരണത്തില്‍ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് കെജ്‌രിവാളിന്റെ ജാമ്യമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറും. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ല. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറുങ്കിലടച്ച് അദ്ദേഹത്തിന്റെ ശബ്ദം അടിച്ചമര്‍ത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബിജെപി സര്‍ക്കാര്‍ കുഴിച്ചു മൂടാന്‍ നോക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുര്‍വ്വിനിയോഗത്തിലൂടെ ഭരണത്തില്‍ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നല്‍കിയ സുപ്രിം കോടതി തീരുമാനം.
രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറും. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ല. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറുങ്കിലടച്ച് അദ്ദേഹത്തിന്റെ ശബ്ദം അടിച്ചമര്‍ത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബിജെപി സര്‍ക്കാര്‍ കുഴിച്ചു മൂടാന്‍ നോക്കിയത്.
ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനങ്ങളോട് നേരിട്ട് സംവദിച്ചും തെരഞ്ഞെടുപ്പിനെ നേരിടാന്‍ നരേന്ദ്ര മോഡി സര്‍ക്കാരിന് ഭയമാണ്. പകരം വര്‍ഗീയ വിദ്വേഷം അഴിച്ചു വിട്ടും അമിതാധികാരം പ്രയോഗിച്ചും പ്രതിപക്ഷത്തെ നിശബ്ദമാക്കിയും ജനവികാരത്തെ മാറ്റിമറിക്കാമെന്ന വ്യാമോഹത്തിനാണ് പരമോന്നത കോടതി ആഘാതമേല്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ബിജെപിയുടെ നില പരുങ്ങലിലാവുകയാണ്. അത് തിരിച്ചറിയുമ്പോഴുള്ള വിഭ്രാന്തിയാണ് സമീപ നാളുകളില്‍ പുറത്തുവരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നീക്കങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയെ അതിജീവിക്കില്ല എന്നതിന്റെ സൂചന കൂടിയാണ് ഈ വിധി. ഇ ഡി യെപോലുള്ള ഏജന്‍സികളെ രാഷ്ട്രീയ ആയുധമായി മാറ്റുന്നതിനോടുള്ള എതിര്‍പ്പ് കൂടിയാണ് വിധിയില്‍ തെളിയുന്നത്. ശ്രീ അരവിന്ദ് കെജ്‌രിവാളിന് ജയില്‍മോചിതനായി ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നേറാന്‍ സാധിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."