പെരിയ ഇരട്ടക്കൊലക്കേസ്: വിചാരണ കോടതി ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി
കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരെ ഹരജി. പെരിയ കൊലക്കേസ് എന്നറിയപ്പെടുന്ന കേസുമായി ബന്ധപ്പെട്ട് ഇരുവരുടെയും മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം വിചാരണ പൂർത്തിയാക്കുന്നത് വൈകിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.
ജില്ലാ ജഡ്ജിമാരുടെ പൊതുസ്ഥലംമാറ്റ ഉത്തരവിലാണു ജഡ്ജിയുടെ സ്ഥലം മാറ്റം ഉണ്ടായത്. വിചാരണക്കോടതി ജഡ്ജിയെ തൃശൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജിയായി സ്ഥലം മാറ്റിയാണ് ഉത്തരവ് ഇറങ്ങിയത്. വിചാരണ നടക്കുന്ന വേളയിലുള്ള സ്ഥലംമാറ്റം വിചാരണ വൈകാനുള്ള സാധ്യതയുണ്ട്.
സ്ഥലംമാറ്റം ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് വിരുദ്ധമാണെന്നും വിചാരണ പൂർത്തിയാക്കുന്നത് വരെ സ്ഥലംമാറ്റം നീട്ടിവെക്കണമെന്നും നിലവിലെ ജഡ്ജിയെ വിചാരണ പൂർത്തിയാക്കാൻ അനുവദിക്കണമെന്നും മാതാപിതാക്കൾ ഹരജയിൽ ആവശ്യപ്പെട്ടു.
2019 ഫെബ്രുവരി 17-നാണ് നാടിനെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. കാസർകോട് കല്യോട്ട് വച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം നേതാവ് പീതാംബരനാണു കേസിലെ ഒന്നാം പ്രതി. 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്.
കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. ഇത് ഏറെ വിവിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."