സിമന്റ് കട്ട ഉപയോഗിച്ച് അഖിലിന്റെ തല തകര്‍ത്തു, അനന്തുവിനെ കൊലപ്പെടുത്തിയതും സമാനമായി; ജീവനുവേണ്ടി പിടയുമ്പോളും പിറന്നാളാഘോഷം നടത്തിയ കൊടുംക്രിമിനലുകള്‍
തിരുവനന്തപുരം: 2019 മാര്‍ച്ചില്‍ അനന്തു ഗിരീഷെന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തയതിന് സമാനമായ രീതിയില്‍ അതിക്രൂരമായിട്ടാണ് കഴിഞ്ഞ ദിവസം ഇതേ പ്രതികള്‍ കരമനയില്‍ അഖിലിനെയും കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം 26 ന് രാത്രി പാപ്പനംകോട് ബാറില്‍ ഉണ്ടായ തര്‍ക്കമാണ് അഖിലിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട അഖില്‍ അടക്കം എട്ട് പേര് അടങ്ങുന്ന സംഘവും പ്രതികളും തമ്മിലായിരുന്നു തര്‍ക്കം. ബാറില്‍ വഴി അടഞ്ഞ് നിന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം തുടങ്ങുന്നത്. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. വൈകീട്ട് അഞ്ച് മണിയോടെ കരമന മരുതൂര്‍ കടവിലായിരുന്നു സംഭവം. യുവാവിനെ നടുറോഡില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
അതിക്രൂരമായിട്ടാണ് പ്രതികള്‍ അഖിലിനെ കൊലപ്പെടുത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളില്‍ കാണാം. സമാനമായ രീതിയില്‍ ക്രൂരമായി ആക്രമിച്ചായിരുന്നു 2019ല്‍ നടന്ന അനന്തു ഗീരീഷ് കൊലപാതകവും. അന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി അതിക്രൂരമായാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ഇതിനും കാരണമായത് മുന്‍ വൈരാഗ്യമായിരുന്നു. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തിലുണ്ടായ പ്രതികാരമായാണ് കൊലപാതകം. റോഡരികിലെ ഒരു ബേക്കറിയില്‍ നില്‍ക്കുകയായിരുന്ന അനന്തുവിനെ ഇയാളുടെ തന്നെ ബൈക്കില്‍ കയറ്റി നീറമണ്‍കര വനിതാ പോളിടെക്നിക്കിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു. മൂന്നു മണിക്കൂറോളം മൃഗീയമായി മര്‍ദ്ദിച്ച പ്രതികള്‍ അനന്തുവിന്റെ കൈകളിലെ ഞരമ്പ് മുറിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. കണ്ണുകളില്‍ സിഗരറ്റ് വച്ച് പൊള്ളിച്ചു. കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. അനന്തുവിന്റെ തലയിലും കൈയിലുമടക്കം ആഴത്തിലുള്ള 5 പരിക്കുകളാണ് ഉണ്ടായിരുന്നത്. മര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകം നടന്ന ദിവസം പ്രതികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷം രഹസ്യ കേന്ദ്രത്തില്‍ വച്ച് നടന്നിരുന്നു. ഈ ആഘോഷത്തില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നു. അനന്തു ജീവന് വേണ്ടി പിടയ്ക്കുമ്പോള്‍ ചുറ്റുംനിന്ന് 'ഹാപ്പി ബര്‍ത്ത്ഡേ' പാടി ആഘോഷിക്കുകയായിരുന്നു പ്രതികള്‍. ഇതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.
വിഷ്ണുരാജ്, ഹരിലാല്‍, വിനീത് കൃഷ്ണ, അനീഷ്, അഖില്‍, വിജയരാജ്, ശരത് കുമാര്‍, മുഹമ്മദ് റോഷന്, സുമേഷ്, അരുണ്‍ ബാബു, അഭിലാഷ്, റാം കാര്‍ത്തിക, വിപിന്‍ രാജ് എന്നിവരായിരുന്നു അനന്തു വധക്കേസിലെ പ്രതികള്‍. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വിഷ്ണുരാജ്, വിജയരാജ് എന്നിവര്‍ക്കെതിരെ പോക്സോ കേസടക്കം ഉണ്ട്. അനന്തു കൊലപാതക കേസില്‍ വിചാരണ നീണ്ടതിനാലാണ് പ്രതികള്‍ അടുത്തിടെ ജാമ്യത്തിലിറങ്ങിയത്. ഇതിനിടെയിലാണ് കരമനയില്‍ യുവാവിനെ കൊലപ്പെടുത്തുന്നത്. അഖില്‍ വധക്കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിനീഷ് രാജ്, അഖില്‍, സുമേഷ്, അനീഷ് എന്നിവരെ കൂടി ഇനി പിടികൂടാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."