ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിൽ നിന്ന് രാജി പ്രഖ്യാപിച്ച് മെലിൻഡ ഫ്രെഞ്ച് ഗേറ്റ്സ്; ഇനി പുതിയ റോൾ
വാഷിംഗ്ടൺ: ജീവ കാരുണ്യ സ്ഥാപനമായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിലെ കോ-ചെയർ സ്ഥാനത്ത് നിന്ന് മൈക്രോസോഫ്റ്റ് സിഇഒ ബില്‍ ഗേറ്റ്സിന്റെ മുന്‍ ഭാര്യ മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ് പടിയിറങ്ങുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മെലിൻഡ ഇക്കാര്യം അറിയിച്ചത്. ജൂൺ 7നായിരിക്കും മെലിൻഡ, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിൽ നിന്ന് ഔദ്യോഗികമായി പടിയിറങ്ങുക.
'ഫൗണ്ടേഷൻ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന പൂർണ ആത്മവിശ്വത്തോടെയാണ് ഞാൻ പടിയിറങ്ങുന്നത്. സിഇഒ മാര്‍ക്ക് സുസ്മാൻ, ഫൗണ്ടേഷന്റെ ട്രസ്റ്റി ബോർഡ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇത് മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകും. അടുത്ത ചാപ്റ്ററിന് തുടക്കമിട്ട് മുന്നോട്ടുപോകാന്‍ ഇതാണ് ശരിയായ സമയം' - മെലിൻഡ പറഞ്ഞു.
ലോകത്തിന്റെ പല ഭാഗങ്ങളിലായി സമഭാവന സൃഷ്ടിക്കുന്ന പലവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിച്ചതിൽ അതിയായ അഭിമാനമുണ്ടെന്നും അവർ രാജി പ്രഖ്യാപനത്തിൽ വ്യക്തമാക്കി. 68 കാരനായ മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായുള്ള വിവാഹമോചനത്തിന് മൂന്ന് വർഷത്തിന് ശേഷമാണ് 59 കാരിയായ ഫ്രഞ്ച് ഗേറ്റ്സിൻ്റെ പ്രഖ്യാപനം.
2021ൽ 27 വർഷത്തെ ദാമ്പത്യ ബന്ധം പിരിയുന്നതായി ഗേറ്റ്സ് ദമ്പതികൾ പ്രഖ്യാപിച്ചിരുന്നു. വേർപിരിയുന്ന സമയത്ത് ജീവകാരുണ്യ സംഘടനയുടെ നേതൃപദവിയിൽ തുടരുമെന്നാണ് മെലിൻഡ വിശദമാക്കിയത്. മുൻ ദമ്പതികൾ തമ്മിലുള്ള കരാർ പ്രകാരം, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 12.5 ബില്യൺ ഡോളർ മെലിൻഡയ്ക്ക് ലഭിക്കും. ഇത് "സ്ത്രീകൾക്കും കുടുംബങ്ങൾക്കും വേണ്ടി" ചെലവഴിക്കാനാണ് അവരുടെ തീരുമാനം.
പൊതുജനാരോഗ്യ രംഗത്തെ വളരെ ശക്തമായ സംഘടനകളിലൊന്നാണ് ഗേറ്റ്സ് ഫൌണ്ടേഷൻ. 75 ബില്യൺ ഡോളറാണ് ഡിസംബർ വരെ സംഘടന സംഭാവ ചെയ്തിട്ടുള്ളത്. പകർച്ച വ്യാധികളെ പ്രതിരോധിക്കുന്നതിനും പട്ടിണി കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങൾക്കുമായി കോടിക്കണക്കിന് രൂപയാണ് ഗേറ്റ്സ് ഫൗണ്ടേഷൻ ഓരോ വർഷവും ചെലവിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."