ജീവനക്കാരുടെ കൂട്ടവിരമിക്കല്‍; പലവഴി തേടി നെട്ടോട്ടം
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെ ജീവനക്കാരുടെ കൂട്ടവിരമിക്കലിലുണ്ടാകുന്ന വന്‍ സാമ്പത്തിക ബാധ്യത നേരിടുന്നതിനുള്ള വിവിധ സാധ്യതകള്‍ പരിശോധിച്ച് സര്‍ക്കാര്‍. പെന്‍ഷന്‍പ്രായം ഉയര്‍ത്തല്‍, പെന്‍ഷന്‍ ആനുകൂല്യം വിതരണം ചെയ്യുന്നതില്‍ സാവകാശം തേടല്‍ തുടങ്ങിയ പോംവഴികളാണ് സര്‍ക്കാരിനു മുന്നിലുള്ളത്. മന്ത്രിതലത്തിലും ഉന്നത ഉദ്യോഗസ്ഥ തലത്തിലും കൂടിയാലോചനകള്‍ സജീവമാണ്. ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിലും വിഷയം പരാമര്‍ശിക്കപ്പെട്ടേക്കും.
മുഖ്യമന്ത്രി വിദേശത്തുനിന്ന് മടങ്ങിയെത്തിയശേഷമാകും അന്തിമ തീരുമാനമെടുക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തീരുമാനങ്ങളെടുക്കുന്നതിലെ നിയമവശവും പരിശോധിക്കുകയാണ്. ഈ മാസം പതിനാറായിരത്തിലധികം ജീവനക്കാരാണ് വിവിധ വകുപ്പുകളില്‍നിന്നായി വിരമിക്കുന്നത്. ഇവര്‍ക്കു അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി രണ്ടാഴ്ചയ്ക്കിടെ 9300 കോടിയിലേറെ രൂപയാണ് സര്‍ക്കാരിന് കണ്ടെത്തേണ്ടത്. തസ്തികയനുസരിച്ച് ഒരാള്‍ക്ക് പത്തു ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ വിരമിക്കല്‍ ആനുകൂല്യം നല്‍കേണ്ടിവരും.
നിലവിലെ സാഹചര്യത്തില്‍ ഇത്രയും തുക കണ്ടെത്തല്‍ പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണ് മറ്റുവഴികള്‍ സര്‍ക്കാര്‍ ആലോചിച്ചു തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്കു പോകുന്നതിനു മുന്‍പുതന്നെ വിഷയം ചര്‍ച്ചയില്‍ വരികയും പോംവഴികള്‍ കൂടിയാലോചിക്കാന്‍ മുഖ്യമന്ത്രി മറ്റു മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
നേരത്തെ 2021ല്‍ കെ.മോഹന്‍ദാസ് അധ്യക്ഷനായുള്ള പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ പെന്‍ഷന്‍ പ്രായം 57 ആക്കാമെന്നു സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. പെന്‍ഷന്‍ പ്രായം കൂട്ടുന്നതു പഠിക്കാന്‍ 2021ല്‍ സര്‍ക്കാര്‍ നിയോഗിച്ച ജെ.ജോസ്, ടി.വി.ശേഖര്‍ കമ്മിറ്റിയും ആരോഗ്യപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പെന്‍ഷന്‍ പ്രായം കൂട്ടേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ഉപേക്ഷിക്കാനുള്ള സാധ്യതകളെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പൊടി തട്ടിയെടുത്ത് അതിന്റെ മറവില്‍ പുതിയ തീരുമാനങ്ങളുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 2018ല്‍ നിയോഗിച്ച സമിതി 2021 ഏപ്രില്‍ 30 ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പുതിയ പെന്‍ഷന്‍ പദ്ധതി കൊണ്ടുവരുമെന്ന് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
നിലവില്‍ 56 ആണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രായപരിധി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് 60 വയസുവരെ തുടരാം. സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍പ്രായം 58 ആണ്. പൊതുമേഖലാസ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം ഏകീകരിച്ച് 60 ആക്കാന്‍ 2022ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. അന്ന് ഡി.വൈ.എഫ്.ഐ തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ യുവജനസംഘടകളില്‍നിന്നുള്‍പ്പെടെ അതിരൂക്ഷ പ്രതിഷേധത്തിനിടയാക്കും എന്നതിനാല്‍ പെന്‍ഷന്‍ ആനുകൂല്യം നല്‍കുന്നതില്‍ സാവകാശം തേടുക എന്ന സാധ്യതയ്ക്കായിരിക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക.
വിരമിക്കല്‍ ആനുകൂല്യം കൂടുതല്‍ പലിശ നല്‍കി ട്രഷറി നിക്ഷേപമായി കണക്കാക്കുന്നതിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."