കാറിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം: തീരദേശ ഹര്‍ത്താല്‍ പൂര്‍ണം
ബേക്കല്‍: നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി സ്കൂള്‍ വിദ്യാര്‍ഥി മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഉച്ചവരെ നടത്തിയ തീരദേശ ഹര്‍ത്താല്‍ പൂര്‍ണം. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് ഹര്‍ത്താല്‍ നടത്തിയത്. അപകടത്തില്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവര്‍ക്കെതിരേ ബേക്കല്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.
മലാംകുന്ന് ഗവ. സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥിയായ പ്രശാന്ത് മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ഉച്ചവരെ ഹര്‍ത്താല്‍ നടത്തിയത്. പ്രശാന്തും കൂട്ടുകാരും തൃക്കണ്ണാട് റോഡരികിലൂടെ നടന്നുപോകുമ്പോള്‍ നിയന്ത്രണംവിട്ട കാര്‍ ഇവര്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റാണ് പ്രശാന്ത് മരണപ്പെട്ടത്. പ്രശാന്തിന്റെ സുഹൃത്തുക്കള്‍ പരുക്കുകളോടെ ചികില്‍സയിലാണ്.
ഡി.സി.സി ഭാരവാഹിയായ വിദ്യാസാഗര്‍ ഓടിച്ച കാറാണ് അപകടം വരുത്തിയതെന്നും വിദ്യാസാഗറിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഞായറാഴ്ച വൈകുന്നേരം നാട്ടുകാര്‍ ബേക്കല്‍ പൊലിസ് സ്റ്റേഷനും റോഡും ഉപരോധിച്ചിരുന്നു. ഇന്നലെ ഉച്ചവരെ റോഡ് ഉപരോധം തുടര്‍ന്നു. കടകള്‍ അടഞ്ഞു കിടന്നു. ബേക്കല്‍, പാലക്കുന്ന് വഴിയുള്ള ബസ് ഗതാഗതം ഇന്നലെ ഉച്ചവരെ തടസ്സപ്പെട്ടു. കാര്‍ ഓടിച്ചിരുന്നത് ആരാണെന്നുള്ളത് അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."