300 ഗ്രാം ബിസ്കറ്റ് പാക്കറ്റിന് തൂക്കക്കുറവ്; ബ്രിട്ടാനിയ ഉപഭോക്താവിന് 60,000 നഷ്ടപരിഹാരം നൽകണമെന്ന് കോടതി
300 ഗ്രാമിന്റെ ബിസ്കറ്റ് പാക്കറ്റിന് നിശ്ചിത തൂക്കം ഇല്ലാത്തതിനെ തുടർന്ന് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡിന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി. പരാതിക്കാരന് 60,000 രൂപയും പലിശയും നൽകാനാണ് തൃശൂർ ഉപഭോക്തൃ കോടതിയുടെ വിധി. 300 ഗ്രാം ബിസ്കറ്റ് പാക്കറ്റിൽ 52 ഗ്രാം വരെ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
തൃശൂർ സ്വദേശി ജോർജ് തട്ടിലാണ് കേസിൽ പരാതിക്കാരൻ. വരാക്കരയിലെ ബേക്കറിയിൽ നിന്നും വാങ്ങിയ ന്യൂട്രി ചോയ്സ് ആരോറൂട്ട് ബിസ്ക്കറ്റ് കൗതുകത്തിന്‍റെ പുറത്താണ് ജോർജ് തൂക്കിനോക്കിയത്. എന്നാൽ 300 ഗ്രാം ഉണ്ടാകേണ്ട സ്ഥാനത്ത് 52 ഗ്രാമോളം കുറവാണ് കണ്ടെത്തിയത്. ഇതോടെ കൂടുതൽ പായ്ക്കറ്റുകൾ ജോർജ് തൂക്കി നോക്കി. എല്ലാത്തിലും തൂക്കക്കുറവ് കണ്ടതോടെ ബിസ്ക്കറ്റ് പാക്കറ്റുമായി തൃശൂരിലെ ലീഗൽ മെട്രോളജി ഓഫീസിൽ എത്തി. അവിടെ നടത്തിയ പരിശോധനയിലും തൂക്കക്കുറവ് കണ്ടെത്തി. ഓരോ പാക്കറ്റിന്റെയും നിലവിൽ ഉള്ള തൂക്കം രേഖപ്പെടുത്തിയ ശേഷമാണ് ഉപഭോക്ത കോടതിയെ സമീപിച്ചത്.
ഹരജിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്ടത്തിനും വിഷമതകൾക്കു മായി 50000 രൂപയും ചെലവിലേക്ക് 10000 രൂപയുമാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. ഹരജി തിയതി മുതൽ 9 % പലിശയും നൽകണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കർശന നിർദ്ദേശം കമ്പനിക്ക് കോടതി നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."