അത്ര നിസാരക്കാരനല്ല 'ചാറ്റ് ജിപിടി 4 ഒ'
ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പ് ജിപിടി 4 ഒ പുറത്തിറക്കി ഓപ്പണ്‍ എഐ. ആര്‍ട്ടിഫിഷ്യല്‍ ഇന്‌റലിജന്‍സ് സാങ്കേതിക വിദ്യയുടെ മികച്ച പ്രകടനമുള്ളതും മുന്‍ പതിപ്പുകളെക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതും മനുഷ്യനെപ്പോലെയുള്ളതുമായ പുതിയ പതിപ്പാണ് ഓപ്പണ്‍ എഐ പുറത്തിറക്കിയത്. 'ഒ' എന്നാല്‍ ഒംനി എന്ന വാക്കിന്റെ ചുരുക്കമാണ്. ടെക്സ്റ്റ്, ശബ്ദം, ദൃശ്യം എന്നിവ മെച്ചപ്പെട്ട രീതിയില്‍ പ്രൊസസ് ചെയ്യാന്‍ കഴിവുള്ള എഐ മോഡലാണിത്. ജിപിടി 4 ല്‍ ലഭ്യമായ മുന്‍നിര കഴിവുകള്‍ ജിപിടി4ഒയിലൂടെ സൗജന്യ ഉപഭോക്താക്കളടക്കം എല്ലാവര്‍ക്കും ലഭിക്കും.
ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ച് മെച്ചപ്പെട്ട രീതിയില്‍ ചാറ്റ് ജിപിടിയുമായി സംവദിക്കാനാകും എന്നതാണ് പുതിയ മോഡലിന്റെ സവിശേഷത. ഉദാഹരണത്തിന് മറ്റൊരു ഭാഷയിലുള്ള ഹോട്ടല്‍ മെനു ചിത്രമെടുത്ത് ജിപിടി4ഒ യ്ക്ക് നല്‍കിയാല്‍ അതിലെ കുറിപ്പുകള്‍ തര്‍ജ്ജമ ചെയ്യാനും ഭക്ഷണത്തിന്റെ ചരിത്രം ഉള്‍പ്പടെയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനും നിര്‍ദേശങ്ങള്‍ തേടാനുമെല്ലാം സാധിക്കും.
ഓപ്പണ്‍ എഐയിലെ മുതിര്‍ന്ന ഗവേഷകരായ മാര്‍ക്ക് ചെന്‍, ബാരറ്റ് സോഫ് എന്നിവര്‍ ചേര്‍ന്നാണ് ജിപിടി 4ഒയുടെ കഴിവുകള്‍ പരിചയപ്പെടുത്തിയത്. ഒരു മനുഷ്യനോട് സംസാരിക്കുന്നതിന് സമാനമായി ചാറ്റ് ജിപിടിയുമായി ഇപ്പോള്‍ സംസാരിക്കാനാവും. ഉപഭോക്താവിന്റെ മാനസികാവസ്ഥ കൂടുതല്‍ തിരിച്ചറിയും വിധമാണ് ചാറ്റ് ജിപിടി മറുപടി നല്‍കുന്നത്. അതും തീര്‍ത്തും സ്വാഭാവികമായ മനുഷ്യസമാനമായ ഭാഷയില്‍. തമാശയും ചിരിയും ഭാവങ്ങളുമെല്ലാം നല്‍കിയാണ് ഈ മറുപടികള്‍.
ചാറ്റ് ജിപിടിയ്ക്ക് നമ്മളെ കണ്ടുകൊണ്ട് സംസാരിക്കാനാവും എന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ മുഖ്യ സവിശേഷത. അതായത് തത്സമയ വീഡിയോയിലൂടെ കാണുന്നത് തിരിച്ചറിയാനും വിശകലനം ചെയ്യാനും ജിപിടി 4ഒയ്ക്ക് സാധിക്കുന്നു.
അതേസമയം ഇത്രയും ഫീച്ചറുകളുള്ള 'ചാറ്റ് ജിപിടി 4 ഒ'ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന് വെല്ലുവിളിയാകുമോ എന്നാണ് ടെക് ലോകം ചര്‍ച്ചചെയ്യുന്നത്. ഗൂഗിള്‍, മെറ്റ എന്നീ കമ്പനികളെ ഒരു പടി കൂടി കീഴ്‌പ്പെടുത്തുന്നതാണ് ജിപിടി 4ഒ എന്ന പുതിയ മോഡല്‍.ചുരുക്കിപറഞ്ഞാല്‍ ഗൂഗിളുമായാണ് നേരിട്ട് യുദ്ധമെന്ന് പറയാതെ പറയുകയാണ് ഓപ്പണ്‍എഐയും നിക്ഷേപകരായ മൈക്രോസോഫ്റ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."