സ്പാം കോളുകളും മെസേജുകളും ഇനി ഫോണിലേക്ക് വരില്ല; നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം
എത്ര ബ്ലോക്ക് ചെയ്തിട്ടും കാര്യമില്ല പിന്നെയും സ്പാം കോള്‍ വന്നുകൊണ്ടേയിരിക്കുമെന്ന് പലരും പറയാറുള്ള പരാതിയാണ്. എന്നാല്‍ ഇനി ആ തലവേദനയുണ്ടാവില്ല. സ്പാം കോളുകളെയും സന്ദേശങ്ങളെയും നിയന്ത്രിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ വാണിജ്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ഫോണ്‍കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കുമാണ് തടയിടുക. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ കരട് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
മേയ് 10ന് ഉപഭോക്തൃകാര്യ മന്ത്രാലയം രൂപികരിച്ച കമ്മിറ്റി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ടെലികോം വകുപ്പ്, ട്രായ്, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, ബിഎസ്എന്‍എല്‍, വോഡഫോണ്‍, റിലയന്‍സ്, എയര്‍ടെല്‍ എന്നിവരുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്കെത്തുന്ന കോളുകളുടെ ഉപയോഗം, ആവശ്യവും അനാവശ്യവുമായവ വേര്‍തിരിക്കാനും നിയമ ലംഘനം നടത്താത്തവയാണെന്ന് ഉറപ്പുവരുത്താനുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്മിറ്റിയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും 'ഗൈഡ്‌ലൈന്‍സ് ഫോര്‍ അണ്‍ സോളിസിറ്റഡ് ആന്റ് അണ്‍വാറന്റഡ് ബിസിനസ് കമ്മ്യൂണിക്കേഷന്‍, 2024' ന്റെ അന്തിമ രൂപം അവതരിപ്പിക്കുക.
സ്പാം കോളുകള്‍ തടയുന്നതിനായി ട്രായിയും ടെലികോം വകുപ്പും നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇവയ്‌ക്കൊന്നും കാര്യമായ ഫലം കാണാനായിട്ടില്ലെന്നാണ് നിരീക്ഷണം. ഈ വര്‍ഷം ആദ്യം, ഫോണ്‍ വിളിക്കുന്ന എല്ലാവരുടെയും പേരുകള്‍ ഫോണില്‍ പ്രദര്‍ശിപ്പിക്കണം എന്ന നിര്‍ദേശം ടെലികോം കമ്പനികള്‍ക്ക് ട്രായ് നല്‍കിയിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്കും സമാന നിര്‍ദേശം നല്കിയിരുന്നു. ഇതു കൂടാതെ 2018ലെ ടെലികോം കൊമേര്‍ഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്‍സിന് കീഴില്‍ ഒരു ഡിജിറ്റല്‍ കണ്‍സന്റ് അക്വിസിഷന്‍ സംവിധാനം അവതരിപ്പിക്കാനും ട്രായ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."