ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് പ്രതികളെ കാസര്‍കോടെത്തിച്ച് തെളിവെടുത്തു
കാസര്‍കോട്: വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിരവധി പേരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ സംഘത്തിലെ മൂന്നു പ്രതികളെ എറണാകുളം പൊലിസ് കാസര്‍കോട്ട് കൊണ്ടുവന്നു തെളിവെടുത്തു.
കര്‍ണാടക വിട്ടല്‍ സ്വദേശികളും വിദ്യാനഗര്‍ കോപ്പയിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരുമായ ബി. ബഷീര്‍ (28), എന്‍. ഹംസ (32), തളങ്കര കൊപ്പലിലെ അബ്ദുല്‍ സമദാനി (28) എന്നിവരെയാണ് ഇന്നലെ രാവിലെ കാസര്‍കോട്ടെത്തിച്ചത്. ഇവരുടെ വീടുകളില്‍ കൊണ്ടുപോയി പൊലിസ് തെളിവെടുപ്പ് നടത്തി.
അബ്ദുല്‍ സമദാനിയെ മൂന്നാഴ്ച മുന്‍പ് എറണാകുളത്ത് വച്ചും ഹംസയെയും ബഷീറിനെയും രണ്ടാഴ്ച മുന്‍പ് കാസര്‍കോട് വച്ചുമാണ് പിടികൂടിയത്.
പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ആറു മാസം മുന്‍പ് കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളും എറണാകുളത്തെ ഒരു ജ്വല്ലറിയില്‍ നിന്ന് 50,000 രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു.
ഇതിന് പുറമേ എറണാകുളത്തെ ഒരു മൊബൈല്‍ കടയില്‍ നിന്ന് 14,800 രൂപയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തതും വ്യക്തമായി.
തൊട്ടുപിന്നാലെ ഒരു മൊബൈല്‍ കടയില്‍ നിന്ന് ഫോണ്‍ തട്ടിയെടുക്കാനുള്ള ശ്രമവും നടത്തിയിരുന്നതായി പ്രതികള്‍ പറഞ്ഞതായി പൊലിസ് പറഞ്ഞു.
വ്യാജ ക്രെഡിറ്റു കാര്‍ഡ് തട്ടിപ്പു കേസിലെ കൂടുതല്‍ അന്വേഷണ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലിസ് തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."