ചില മണ്ഡലം പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരെയും വെറുതേവിടില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട്: ചില മണ്ഡലം പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി യു.ഡി.എഫ് കാസര്‍കോട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്. ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാനേല്‍പ്പിച്ച പണമാണ് മണ്ഡലം പ്രസിഡന്റുമാര്‍ മുക്കയതെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്റെ ആരോപണം. ചില വിദ്വാന്മാര് തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്ന് ഉണ്ണിത്താന് വ്യക്തമാക്കി.
ആരെയും വെറുതെ വിടില്ലെന്നും കാസര്‍കോട് മുന്‍ ഡി.സി.സി പ്രസിഡന്റ് പെരിയ ഗംഗാധരന് നായരുടെ അനുസ്മരണ ചടങ്ങിനിടെ ഉണ്ണിത്താന് പറഞ്ഞു.
'കുറേ വിദ്വാന്മാര്, തെരഞ്ഞെടുപ്പ് ചെലവിനായി ഞാന്‍ കൊടുത്ത ഫണ്ട് ബൂത്തിലേക്ക് കൊടുക്കാതെ അതു തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ആ മണ്ഡലം പ്രസിഡന്റുമാരെയൊക്കെ നോട്ടു ചെയ്തിട്ടുണ്ട്. മണ്ഡലം പ്രസിഡന്റിന് ആവശ്യമുള്ളത് കൊടുത്തു. ബ്ലോക്ക് പ്രസിഡന്റിന് ആവശ്യമുള്ളത് കൊടുത്തു, യുഡിഎഫിന് ആവശ്യമുള്ളത് കൊടുത്തു.'
'ബൂത്തില്‍ കൊടുത്ത പൈസ ബൂത്ത് കമ്മിറ്റിക്ക് ചെലവഴിക്കാനുള്ളതാണ്. അതൊന്നും എടുത്തുമാറ്റാന്‍ ആരെയും സമ്മതിക്കില്ല. ഇതു ചെയ്ത ആളുകളെയെല്ലാം തനിക്ക് അറിയാമെന്നും' രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. 15 ന് നടന്ന മുന്‍ ഡിസിസി പ്രസിഡന്റും ജില്ലയിലെ മുതിര്‍ന്ന നേതാവുമായിരുന്ന പെരിയ ഗംഗാധരന് നായരുടെ അനുസ്മരണ ചടങ്ങിലായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ വെളിപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."