ഫലസ്തീനില്‍ നിരന്തരം അധിനിവേശവും അതിക്രമങ്ങളും; തീവ്ര ഇസ്‌റാഈലി കുടിയേറ്റക്കാര്‍ക്ക് കാനഡയുടെ ഉപരോധം
വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ അതിക്രമത്തിന് ഉത്തരവാദികളായ തീവ്ര ഇസ്‌റാഈലി കുടിയേറ്റക്കാരെ ഉപരോധിച്ച് കാനഡ. പ്രത്യേക സാമ്പത്തിക നടപടി നിയമപ്രകാരമാണ് കനേഡിയന്‍ സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. കുടിയേറ്റക്കാരുടെ ആക്രമണം ഭയാനകമായി വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങള്‍, ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകള്‍, പ്രാദേശിക സുരക്ഷ എന്നിവയെ ഇവര്‍ അട്ടിമറിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഡേവിഡ് ചായ് ചസ്ദായ്, യിനോന്‍ ലെവി, സ്വി ബാര്‍ യോസെഫ്, മോഷെ ഷര്‍വിത് എന്നീ നാലുപേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇവരുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. കൂടാതെ ഇമിഗ്രേഷന്‍ ആന്‍ഡ് റഫ്യൂജി പ്രൊട്ടക്ഷന്‍ നിയമപ്രകാരം ഇവര്‍ക്ക് കാനഡയിലേക്ക് പ്രവേശന വിലക്കുമുണ്ട്.
തീവ്ര ഇസ്‌റാഈലി കുടിയേറ്റക്കാര്‍ നടത്തുന്ന അതിക്രമങ്ങളുടെ ഭവിഷ്യത്തുക്കള്‍ താന്‍ നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുണ്ടെന്ന് മന്ത്രി മെലാനി ജോളി പറഞ്ഞു. അടുത്തിടെ താന്‍ ഈ പ്രദേശത്ത് പോയിരുന്നു. തീവ്രവാദികളായ കുടിയേറ്റക്കാരുടെ അക്രമത്തിന്റെയും ഭീഷണിയുടെയും ഫലമായി വീടുകളും കൃഷിയിടങ്ങളും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ ഫലസ്തീനി കുടുംബങ്ങളെ താന്‍ കണ്ടു. തീവ്ര കുടിയേറ്റക്കാരുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അത്തരം അക്രമങ്ങള്‍ നടത്തുന്നവര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നുമുള്ള വ്യക്തമായ സന്ദേശം നല്‍കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."