സാവി ബാഴ്‌സ വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്; അടുത്ത സീസണില്‍ പുതിയ കോച്ച് വന്നേക്കും
ബാഴ്‌സലോണ: ബാഴ്‌സലോണയുടെ പരിശീലക സ്ഥാനത്തുനിന്ന് ക്ലബ്ബിന്റെ മുന്‍ സൂപ്പര്‍ താരം സാവി ഹെര്‍ണാണ്ടസിനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. സ്‌പോട്, എ.എസ് തുടങ്ങിയ മാധ്യമങ്ങളാണ് ഈ സീസണ്‍ അവസാനത്തോടെ സാവി ക്ലബ് വിടുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ സാവി ക്ലബില്‍ തുടരുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു സാവി തുടരുന്ന കാര്യം അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ലെപോര്‍ട്ടയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് സാവിയെ നിലനിര്‍ത്തേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഈ സീസണില്‍ സാവിക്ക് കീഴില്‍ ബാഴ്‌സലോണക്ക് കിരീടമൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സാവി തന്നെ ക്ലബ് വിടാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സാവിയെ നിലനിര്‍ത്തേണ്ടതില്ലെന്ന നിലപാടിലാണ് കാറ്റാലന്‍ ക്ലബ്. സാവിയോ ക്ലബോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. പരിശീലക സ്ഥാനത്തേക്ക് ബാഴ്‌സ രണ്ട് പേരെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ബെയേര്‍ ലെവര്‍കൂസണിന്റെ സാബി അലോണ്‍സോയെ കോച്ചാക്കാന്‍ ബാഴ്‌സ ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
ഈ ജനുവരിയില്‍ സ്വന്തം മൈതാനത്ത് വിയ്യാറയലിനോട് 5 - 3ന് തോറ്റതിനു പിന്നാലെയാണ് ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന് സാവി പ്രഖ്യാപിച്ചത്. അടുത്ത സീസണ്‍ അവസാനം വരെ കരാര്‍ ബാക്കിയുള്ളപ്പോഴായിരുന്നു ഇത്.
നിലവില്‍ ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് 14 പോയന്റ് പിറകില്‍ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പിഎസ്ജിയോട് തോറ്റുപുറത്താകുകയും ചെയ്തു. കോപ്പ ഡെല്‍ റേയില്‍ നിന്നും പുറത്തായി.
2021ലാണ് സാവി ബാഴ്‌സലോണ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. മെസ്സി പോയതിന് ശേഷം തകര്‍ന്നുകിടക്കുകയായിരുന്ന ക്ലബ്ബിനെ 2022- 23 സീസണില്‍ ലാ ലിഗ കിരീടത്തിലേക്ക് നയിക്കാനും അദ്ദേഹത്തിനായി.
Barcelona considering sacking head coach Xavi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."