വൈദ്യുതി തകരാറുണ്ടെന്നറിഞ്ഞിട്ടും വിദ്യാര്‍ഥികളെ സ്വിമ്മിങ് പൂളില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഉടമ അറസ്റ്റില്‍
മേപ്പാടി: വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ ബാലാജി റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാളെ മേപ്പാടി പൊലിസ് അറസ്റ്റ് ചെയ്തു. കുന്നമ്പറ്റ ലിറ്റില്‍ വുഡ് വില്ലയെന്ന റിസോര്‍ട്ട് നടത്തിപ്പുകാരന്‍ കോഴിക്കോട് താമരശ്ശേരി ചുണ്ടകുന്നുമ്മല്‍ വീട്ടില്‍ സി.കെ ഷറഫുദ്ദീന്‍ (32) ആണ് പിടിയിലായത്. ദിണ്ടിഗല്‍, മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായ ബാലാജി (21) ആണ് ഷോക്കേറ്റുമരിച്ചത്.
വൈദ്യുതത്തകരാര്‍ മുന്‍കൂട്ടി അറിഞ്ഞിട്ടും പരിഹരിക്കാതെ വിദ്യാര്‍ഥികള്‍ക്ക് സ്വിമ്മിങ് പൂളിലേക്ക് പ്രവേശനം നല്‍കിയതാണ് അപകടത്തിന് കാരണം. ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ റിസോര്‍ട്ട് ജീവനക്കാര്‍ക്കുണ്ടായ അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും തെളിഞ്ഞിരുന്നു. സംഭവം നടന്നയുടന്‍ മേപ്പാടി പൊലീസ് സംഭവസ്ഥലം സീല്‍ ചെയ്യുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറും ഫൊറന്‍സിക് വിദഗ്ധരും കെ .എസ.ഇ.ബി അധികൃതരും പരിശോധന നടത്തുകയും റിപ്പോര്‍ട്ട് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.റിസോര്‍ട്ടിലെ വയറിങ് നടത്തിയ വയറിങ്ങുകാരനെ ചോദ്യം ചെയ്തതില്‍നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നത്. അപകടത്തിന് തലേദിവസം വയറിങ്ങുകാരനും ഷറഫുദ്ദീനും നടത്തിയ വാട്സാപ്പ് സന്ദേശങ്ങള്‍ പൊലിസ് കണ്ടെടുത്തു നടത്തിയ അന്വേഷണത്തിലാണ് ഷറഫുദ്ദീന് വൈദ്യുതത്തകരാറിനെക്കുറിച്ച് മുന്‍കൂട്ടി ബോധ്യമുള്ളതായും അത് ഉപയോഗിക്കരുതെന്ന വയറിങ്ങുകാരന്റെ നിര്‍ദേശം അവഗണിച്ചതായും പൊലീസിന് വ്യക്തമായത്. ബാലാജിയടക്കം 12 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് കുന്നമ്പറ്റ ലിറ്റില്‍ വുഡ് വില്ല റിസോര്‍ട്ടിലെത്തിയത്.
രാത്രി ഏഴുമണിയോടെയാണ് ബാലാജിയും സുഹൃത്തുക്കളും സ്വിമ്മിങ് പൂളിലിറങ്ങുന്നത്. പൂളിനു ചുറ്റുമുള്ള ഇരുമ്പ് ഫെന്‍സിങ്ങിലുള്ള വിലക്കുകളിലേക്ക് വൈദ്യുതിയെത്തിയാല്‍ എര്‍ത്ത് ലീക്കേജ് ഉണ്ടാവുമെന്നും ആ സമയത്ത് അവിടെ അങ്ങോട്ടു പോകുന്നവര്‍ക്ക് അപകടമുണ്ടാവുമെന്നും നേരത്തേ അറിയാമായിരുന്നിട്ടും തകരാര്‍ പരിഹരിക്കാതെയാണ് റിസോര്‍ട്ട് അധികൃതര്‍ അതിഥികള്‍ക്ക് പ്രവേശനം നല്‍കിയത്.
ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി. സുമേഷ് സംഭവസ്ഥലം പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍മാണാവശ്യത്തിന് നല്‍കിയ കണക്ഷന്‍, നിബന്ധനകള്‍ ലംഘിച്ച് നിര്‍മാണേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായും വൈദ്യുത സര്‍ക്യൂട്ടില്‍ സ്ഥാപിച്ചിരുന്ന റെസിഡ്വല്‍ കറന്റ് സര്‍ക്യൂട്ട് ബ്രേക്കര്‍ (ആര്‍.സി.സി.ബി.) എന്ന സുരക്ഷാ ഉപകരണം ബൈപ്പാസ് ചെയ്ത് ഉപയോഗിച്ചതായും പറയുന്നുണ്ട്. ആര്‍.സി.സി.ബി ബൈപ്പാസ് ചെയ്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."