കേരള കോണ്‍ഗ്രസ്(എം) ന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി തകര്‍ക്കാനായി ബോധപൂര്‍വം നടത്തുന്ന ശ്രമം: വീക്ഷണത്തിന് മറുപടിയുമായി പ്രതിഛായ
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ചുള്ള കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മുഖപ്രസംഗത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ് എം മുഖവാരിക നവപ്രതിഛായ. കേരള കോണ്‍ഗ്രസ് എമ്മിന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി തകര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. വീക്ഷണം പത്രത്തിനും അതിന് പിന്നിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചരിത്രബോധം ഉണ്ടാവണം. മാണി സാറിനോട് കോണ്‍ഗ്രസ് കാട്ടിയ നെറികേട് അദ്ദേഹം ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. യുഡിഎഫ് മാണി ഗ്രൂപ്പിനെ ചതിച്ചു പുറത്താക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് എം അജയ്യ രാഷ്ട്രീയ ശക്തി ആയതിന്റെ വേവലാതിയാണ് മുഖപ്രസംഗത്തിന് പിന്നിലെന്നും പ്രതിച്ഛായ വിശദമാക്കുന്നു. മുങ്ങുന്ന കപ്പലില്‍ ലൈഫ് ബോട്ടും പ്രതീക്ഷിച്ചു കഴിയുന്ന കപ്പല്‍ ജീവനക്കാരനെ പോലെയാണ് വീക്ഷണം എന്നുമാണ് പ്രതിച്ഛായയുടെ പരിഹാസം.
മുഖപ്രസംഗത്തില്‍ കെ.എം. മാണിയെക്കുറിച്ച് പറയുന്ന വാക്കുകളെ കേരള പൊതുസമൂഹം അവജ്ഞയോടെ മാത്രമേ കാണുകയുള്ളൂ. യു.ഡി.എഫ്. എന്ന സംവിധാനം കെ.എം. മാണി അടക്കമുള്ള നേതാക്കള്‍ ചേര്‍ന്ന് രൂപവത്കരിച്ചപ്പോള്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പല നേതാക്കളും വള്ളിനിക്കര്‍ പോലും ഇടാതെ നടക്കുന്ന പ്രായമായിരുന്നു. കെ.എം. മാണിയുടെ മരണത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് പിന്നില്‍ ഏതൊക്കെ കോണ്‍ഗ്രസ് മുഖങ്ങളായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ മറക്കുകയില്ല. കെ.എം. മാണിയുടെ വിയോഗത്തോടെ കേരള കോണ്‍ഗ്രസ് എം ഇല്ലാതാകുമെന്ന് മനക്കോട്ട കെട്ടിയവര്‍ക്കൊക്കെ തിരിച്ചടി നല്‍കിയാണ് കേരളത്തിലെ അവഗണിക്കാനാവാത്ത രാഷ്ട്രീയ ശക്തിയായി പാര്‍ട്ടി ഇപ്പോള്‍ നിലനില്‍ക്കുന്നത്. കെ.എം. മാണിയുടെ ചരമവാര്‍ഷിക ദനത്തില്‍ സ്മൃതി സംഗമ വേദിയിലേക്ക് ഒഴുകിയെത്തുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കേരള കോണ്‍ഗ്രസിനെ കേരള രാഷ്ട്രീയത്തില അജയ്യ ശക്തിയായി നിലനിര്‍ത്തുന്നത്. ഈ യാഥാര്‍ഥ്യം മനസിലാക്കിയുള്ള വേവലാതികളാണ് വീക്ഷണത്തിന്റെ മുഖപ്രസംഗരൂപത്തില്‍ പുറത്തുവന്നതെന്നും ലേഖനം വിമര്‍ശിക്കുന്നു.
കേരള കോണ്‍ഗ്രസ് എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങണം എന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മുഖപത്രം ആവശ്യപ്പെട്ടത്. നാല് പതിറ്റാണ്ടിലേറെ കാലം തിരുവിതാംകൂറിലെ കര്‍ഷകര്‍ക്ക് അവകാശബോധത്തിന്റെയും സംഘബോധത്തിന്റേയും സൂക്തങ്ങളും പ്രയോഗങ്ങളും പഠിപ്പിച്ച കെ എം മാണിയുടെ മകന് രാഷ്ട്രീയത്തില്‍ കര്‍ഷക രാഷ്ട്രീയത്തിന്റെ നഴ്‌സറി പാഠങ്ങള്‍ പോലും വശമില്ലെന്നും വീക്ഷണത്തിലെ ലേഖനം കുറ്റപ്പെടുത്തിയിരുന്നു.
ജോസ് കെ മാണി സിപിഐഎം അരക്കില്ലത്തില്‍ വെന്തുരുകരുതെന്നും ദേശീയ പാര്‍ട്ടി പദവിയും ചിഹ്നവും നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ജോസ് കെ മാണിയുടെ മോഹങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സാധ്യമല്ല. കോണ്‍ഗ്രസിനേപ്പോലെ ഘടക കക്ഷികള കരുതാന്‍ സിപിഐഎം തയ്യാറാകില്ലെന്ന മുന്നറിയിപ്പും വീക്ഷണം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."