നാഥനില്ലാതെ കൊടിയമ്മ യു.പി സ്‌കൂള്‍
ആരിക്കാടി: നാഥനില്ലാതെ അനാഥാവസ്ഥയില്‍ കൊടിയമ്മ ഗവ. യു.പി സ്‌കൂള്‍. പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കും കുട്ടികളെ സ്‌കൂളിലയക്കുന്ന രക്ഷിതാക്കള്‍ക്കും പറയാനുള്ളത് പരാതികള്‍ മാത്രം. പ്രധാന അധ്യാപകനടക്കമുള്ള ഏഴു അധ്യപകര്‍ സ്ഥലം മാറിപോയി.
പകരം വന്നത് രണ്ട് അധ്യാപകര്‍ മാത്രം. ഓണാവധിക്കു സ്‌കൂള്‍ അടക്കാറായിട്ടും പുതിയ അധ്യാപക രക്ഷാകര്‍തൃ സമിതിയെ തെരഞ്ഞെടുത്തിട്ടില്ല. 190 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഈ വര്‍ഷത്തെ യൂനിഫോമും വിതരണം ചെയ്തിട്ടില്ല. ഉച്ചക്കഞ്ഞിക്കുള്ള അരി സൂക്ഷിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തില്‍. വിറകുപുര ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലും.
വര്‍ഷംതോറും കുട്ടികള്‍ കുറഞ്ഞുവരുന്ന സ്‌കൂളില്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലായി 190 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. അഞ്ചു മുതല്‍ ഏഴുവരെ രണ്ടു ഡിവിഷന്‍ വീതമുണ്ട്. പ്രധാനാധ്യാപകനും ക്ലര്‍ക്കും ഉള്‍പ്പെടെ 13 ജീവനക്കാര്‍ വേണ്ടിടത്ത് ഇപ്പോഴുള്ളത് ഏഴു പേരാണ്.
ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ സ്‌കൂളില്‍ 12 അധ്യാപകരുണ്ടായിരുന്നു. ഇവരില്‍ ഏഴുപേരെയാണ് ഒറ്റയടിക്കു സ്ഥലം മാറ്റിയത്. പുതുതായി രണ്ടു അധ്യാപകര്‍ വന്നു ചാര്‍ജെടുത്തതോടെയാണ് അധ്യാപകരുടെ എണ്ണം ഏഴായത്.
പ്രധാന അധ്യാപകനില്ലാത്തിനാല്‍ ഈ വര്‍ഷം ഇതേവരെ അധ്യാപക രക്ഷാകര്‍തൃ സമിതിയെ തെരഞ്ഞെടുത്തിട്ടില്ല. ജില്ലയില്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയെ തെരഞ്ഞെടുക്കാത്ത ഏക സ്‌കൂളും കൊടിയമ്മ യു.പി സ്‌കൂളായിരിക്കും.
സ്‌കൂളിലെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ സൂക്ഷിക്കുന്ന ഉച്ചക്കഞ്ഞിക്കുള്ള അരിയില്‍ പുഴുവുണ്ടെന്നുള്ള പരാതി കാലങ്ങളായി നിലവിലുണ്ട്. അരി സൂക്ഷിക്കുന്ന മുറിയില്‍ അരിച്ചാക്കിനു ചുറ്റും പുഴുക്കളെ കണ്ടതായി പരാതിയുണ്ട്. അരി സൂക്ഷിക്കുന്ന മുറി നിറയെ കൊച്ചു പ്രാണികള്‍ പറക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സ്‌കൂളിലെത്തിച്ച അരിയാണ് ഈ അധ്യയന വര്‍ഷവും കുട്ടികള്‍ക്ക് കഞ്ഞിവെച്ച് നല്‍കുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.
വേനലവധിക്ക് സ്‌കൂള്‍ അടയ്ക്കുമ്പോള്‍ ബാക്കി വരുന്ന അരി കുട്ടികള്‍ക്ക് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇവിടെ അരി സൂക്ഷിച്ചു വെക്കുകയായിരുന്നുവെന്നാണ് പരാതി. വിറകുപുരയാണെങ്കില്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്.
ഈ വര്‍ഷം കുട്ടികള്‍ക്ക് യൂനിഫോം വിതരണം ചെയ്തിട്ടില്ല. ഇതന്വേഷിക്കുന്നതിനു എസ്.എസ്.എയില്‍ നിന്നും എത്തിയ ഡി.പി.ഒ രവിവര്‍മ്മന്‍ കഴിഞ്ഞ ശനിയാഴ്ച സ്‌കൂളിലെത്തിയിരുന്നു.
പ്രധാനാധ്യാപകന്റെ ചാര്‍ജുള്ളയാള്‍ അവധിയായതിനാല്‍ വിശദീകരണം ആവശ്യപ്പെട്ട് അദ്ദേഹം നോട്ടീസ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."