ജിഷ വധക്കേസ്: അമീറുല്‍ ഇസ്‌ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ തിങ്കളാഴ്ച ഹൈക്കോടതിവിധി പറയും
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ് ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധിപറയും. 20ന് ഉച്ചയ്ക്ക് 1.45നായിരിക്കും കേസില്‍ കോടതി നടപടികള്‍ ആരംഭിക്കുക. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ അപ്പീലിലും കോടതി വിധിപറയും.
2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂരില്‍ ഇരിങ്ങോള്‍ എന്ന സ്ഥലത്ത് കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന ജിഷ എന്ന യുവതി ക്രൂരമായി കൊല്ലപ്പെട്ടത്. നിയമവിദ്യാര്‍ത്ഥിയായിരുന്നു ജിഷ. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്‍ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്.
തുടര്‍ന്ന് മാസങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് അമീറുള്‍ ഇസ്ലാമിനെ കൊച്ചിയിലെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. ഈ വിധിക്കെതിരെയാണ് അമീറുല്‍ ഇസ്ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. താന്‍ പ്രതിയല്ല, തനിക്കെതിരായ തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണ്, തന്നെ പിടികൂടിയ ശേഷം പൊലീസ് ശാസ്ത്രീയ തെളിവുകളുണ്ടാക്കുകയായിരുന്നു, മറ്റാരോ ആണ് കൊലപാതകതം നടത്തിയിരിക്കുന്നത്, ജിഷയെ മുന്‍പരിചയമില്ല എന്നീ വാദങ്ങളാണ് അപ്പീലില്‍ അമീറുല്‍ ഇസ്ലാം മുന്നോട്ടുവച്ചിട്ടുള്ളത്.
ഈ അപ്പീലായിരിക്കും തിങ്കളാഴ്ച കോടതി ആദ്യം പരിഗണിക്കുക. നിലവിലെ നിയമം അനുസരിച്ച് വിചാരണ കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇത് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ പ്രതിയുടെ അപ്പീലിന് ശേഷം പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."