ഓപറേഷന് അനന്ത നിലച്ചതിനെതിരേ വിവിധ തലങ്ങളില്‍ പ്രതിഷേധം വ്യാപകം
വ്യാപാരികളുടെ ഉപവാസ സമരം ഇന്ന്
ആക്ഷന്‍ കൗണ്‍സില്‍ സര്‍വകക്ഷിയോഗം നാളെ
മണ്ണാര്‍ക്കാട്: ഓപറേഷന് അനന്തയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതില്‍ മണ്ണാര്‍ക്കാട്ട് വിവിധ തലങ്ങളില്‍ പ്രതിഷേധമുയരുന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ മണ്ണാര്‍ക്കാട് നഗരം കെട്ടിടാവശിഷ്ടങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കയാണ്. ഇതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഉപവാസ സമരം ഇന്നു നടക്കും. ഓപ്പറേഷന് അനന്തയുടെ തുടര്‍പ്രവര്‍ത്തനം നടക്കാത്തതു മൂലം ലക്ഷക്കണക്കിനു രൂപയുടെ വ്യാപാര നഷ്ടവും പരിസ്ഥിതി മലിനീകരണവും സംഭവിക്കുന്നതിനാലാണ് ഏകോപന സമിതി രംഗത്തു വന്നിരിക്കുന്നത്. ഇന്നു രാവിലെ പത്തിന് ആരംഭിക്കുന്ന ഉപവാസം അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. സാമൂഹ്യ, രാഷ്ട്രീയ, സാംസ്ക്കാരിക, പ്രതിനിധികള്‍ പങ്കെടുക്കും.
അതേസമയം ഓപ്പറേഷന് അനന്ത ആക്ഷന്‍ കൗണ്‍സിലിന്റെ നേത്യത്യത്തില്‍ സര്‍വകക്ഷിയോഗം നാളെ ഉച്ചക്ക് മൂന്നിന് ചേരും. താലൂക്ക് ഹാളില്‍ നടത്തുന്ന യോഗത്തില്‍ സബ് കലക്ടര്‍ പി.ബി നൂഹ് അധ്യക്ഷനാകുമെന്ന് നേതാക്കള്‍ അറിയിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസം നീക്കുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, എ.എസ്.പി പട്ടയ ഉടമകള്‍ എന്നിവരെ പങ്കെടുപ്പിക്കും. നഗരവികസനത്തിനു പത്തരക്കോടിയുടെ പദ്ധതി കേന്ദ്രത്തിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന മുറക്ക് നടപ്പാക്കുമെന്ന് എം.എല്‍.എ ഉറപ്പു നല്‍കിയതായും നേതാക്കള്‍ പറഞ്ഞു. നേരത്തെ തന്നെ എ.എസ്.പി പട്ടയ ഉടമകളെ വിളിച്ച് അവരുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ ഫിറോസ് ബാബു, കെ.പി.ടി നാസര്‍, റീഗല്‍ മുസ്തഫ, സോനു ശിവന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."