മീനവല്ലം ജലവൈദ്യുത പദ്ധതി: 1.30 കോടി യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു
പാലക്കാട് : ജില്ലാപഞ്ചായത്ത് ആദ്യമായി ഏറ്റെടുത്ത് നടപ്പിലാക്കിയ മൂന്ന് മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള മീന്‍വല്ലം ചെറുകിട ജലവൈദ്യുത പദ്ധതി പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ ഇന്നുവരെ 1,30,82,620 യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. യൂനിറ്റിന് നാലു രൂപ 88 പൈസ എന്ന നിരക്കില്‍ ഇതുവരെയായി വൈദ്യുത ബോര്‍ഡിന്റെ ഡിസ്‌ക്കൗണ്ട് കഴിച്ച് 5,76,40,410 രൂപ(അഞ്ചുകോടി എഴുപത്തി ആറ് ലക്ഷത്തി നാല്‍പ്പതിനായിരത്തി നാനൂറ്റി പത്ത് രൂപ) കെ.എസ്.ഇ.ബി യില്‍ നിന്നു ലഭിച്ചു. നബാര്‍ഡില്‍ നിന്നു വായ്പയായി വാങ്ങിയ 7.79 കോടി രൂപയുടെ ഗഡുവും പലിശയും കൃത്യമായി അടച്ചുവരുന്നു. മീന്‍വല്ലം പവര്‍ഹാസില്‍ നടന്ന പദ്ധതിയുടെ രണ്ടാം വാര്‍ഷികാചരണത്തിലാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരിയാണ് വാര്‍ഷികാചരണം ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ പവര്‍ ഹൗസിലേക്കെത്താനും ഉപകരണങ്ങള്‍ കൊണ്ടുപോകാനും സൗകര്യപ്രദമായ ഒരു പാലം തുപ്പനാട് പുഴക്കു കുറുകെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ നിര്‍മിക്കാന്‍ വനം വകുപ്പുമായി ജില്ല പഞ്ചായത്ത് അധികൃതര്‍ ആലോചിച്ചു വരികയാണ്.
പദ്ധതിയുടെ ടെയ്ല്‍റേസില്‍ നിന്നും 40 കിലോവാട്ട് പ്രവര്‍ത്തനശേഷിയുള്ള ആര്‍ക്കിമീഡിയന്‍ സ്‌ക്രൂ ടര്‍ബൈന്‍ സ്ഥാപിച്ച് ഒരു മൈക്രോം ജലവൈദ്യുത പദ്ധതി കൂടി നിര്‍മിക്കാന്‍ എനര്‍ജി മാനേജ്‌മെന്റിനെ കണ്‍സള്‍ട്ടന്റായി നിശ്ചയിച്ചതായും അധികൃതര്‍ അറിയിച്ചു. ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കലും പരിഗണിച്ചു വരികയാണ്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി മൊയ്തു പരിപാടിയില്‍ അധ്യക്ഷനായി.
ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ കെ. ബിനുമോള്‍, പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സുധാകരന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ കെ. ഗീതടീച്ചര്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ബിനു സുരേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.എസ് സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി അച്ച്യുതന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശാന്തകുമാരി, കരിമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം തങ്കച്ചന്‍ മാത്യൂസ്, മെമ്പര്‍ കെ. സുമലത, മുസ്തഫ, ഷൊര്‍ണൂര്‍ കെ.എസ്.ഇ.ബി.എല്‍ ഇലക്ട്രിക്കല്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി രാധാകൃഷ്ണന്‍, പാലക്കാട് സ്‌മോള്‍ ഹൈഡ്രോ ലിമിറ്റഡ് കമ്പനി സെക്രട്ടറി എ. ഫിറോസ് ഖാന്‍, മീനവല്ലം ജലവൈദ്യുത പദ്ധതി സ്റ്റേഷന്‍ എഞ്ചിനീയര്‍, പി. മിഥുന്‍ ജോര്‍ജ്ജ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."