തൃണമൂലിനെതിരായ ബി.ജെ.പി പരസ്യങ്ങള്‍ വിലക്കി കൊല്‍ക്കത്ത ഹൈക്കോടതി; നടപടിയെടുക്കാന്‍ വൈകിയ ഇലക്ഷന്‍ കമ്മീഷന് ശാസന
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ പരസ്യങ്ങളില്‍ നിന്ന് ബി.ജെ.പിയെ വിലക്കി കല്‍ക്കത്ത ഹൈക്കോടതി ഉത്തരവ്. തൃണമൂലിനെയും പാര്‍ട്ടി നേതാക്കളെയും മോശമായി ചിത്രീകരിക്കുന്ന പരസ്യങ്ങളിലാണ് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നില്‍കി ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യയുടെ നിര്‍ണായക വിധി. വിഷയത്തില്‍ തൃണമൂല്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്തതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
നിശബ്ദ പ്രചാരണ ദിവസവും, വോട്ടിങ് ദിനത്തിലും ടെലിവിഷനിലടക്കം ബി.ജെ.പി പ്രസിദ്ധീകരിച്ച പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് കോടതി വിലയിരുത്തി. ഇതിന് പുറമെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങളുടെയും ലംഘനമാണ് നടന്നതെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ സമയോചിത ഇടപെടല്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ച്ച സംഭവിച്ചെന്നും അതുകൊണ്ടാണ് കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടേണ്ടി വന്നതെന്നും ജസ്റ്റിസ് പറഞ്ഞു. മാത്രമല്ല ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ തുടര്‍ന്ന് ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടിണ്ട്.
അതേസമയം മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തരുതെന്ന പെരുമാറ്റച്ചട്ടങ്ങളുടെ പരസ്യമായ ലംഘനങ്ങളാണ് ബി.ജെ.പി പരസ്യങ്ങളിലൂടെ കാണിച്ചതെന്ന് തൃണമൂലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നും അവസാനം റിട്ട് ഹരജി നല്‍കിയതിന് ശേഷമാണ് കമ്മീഷന്‍ ഇടപെട്ടതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."