തീവ്രവാദസംഘടനകളോട് മൃദുസമീപനം പാടില്ല: മുസ്‌ലിം യൂത്ത്‌ലീഗ്
പട്ടാമ്പി: തീവ്രവാദ സംഘടനകളോട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ മൃതുസമീപനം പാടില്ലെന്ന് പട്ടാമ്പിയില്‍ നടന്ന മുസ്‌ലിംയൂത്ത്‌ലീഗ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തീവ്രവാദ സംഘടനകള്‍ പൊതുസമൂഹത്തിന്റെ പിന്തുണക്കു ശ്രമിക്കുകയാണ്. എന്നാല്‍ പുരോഗമനമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍പോലും തീവ്രസ്വഭാവമുള്ള സംഘടനകളോട് വര്‍ത്തമാനകാലത്ത് സന്ധിചെയ്യുന്ന സാഹചര്യമാണുള്ളത്. ഇതുവഴി വലിയ വിപത്താണ് സംഭവിക്കാന്‍ പോകുന്നതെന്നും സമ്മേളനം മുന്നറിയിപ്പു നല്‍കി.
തെരഞ്ഞെടുപ്പുകളില്‍ ജയപരാജയങ്ങള്‍ സാധാരണമാണ്. രണ്ടും നിര്‍ബന്ധമായും സംഭവിക്കേണ്ടതുമാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറാന്‍ ആരുടെയും വോട്ടു വാങ്ങുകയെന്ന സമീപനം സ്വീകരിക്കരുത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അന്തര്‍നാടകങ്ങള്‍ മതേതര വിശ്വാസികളില്‍ ആശങ്ക സൃഷ്ടിക്കുന്നു. യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ സി.പി.എം ഉള്‍പ്പെടുന്ന ഇടതുപക്ഷ മുന്നണി എന്‍.ഡി.എഫ് പോലുള്ള തീവ്രവാദ സംഘടനകളോട് സൗഹൃദം കാണിച്ചു. സി.പി.എമ്മിനോട് ഇഴുകി നില്‍ക്കാനാണ് ജില്ലയില്‍ പോപ്പുലര്‍ഫ്രണ്ടും എസ്.ഡി.പി.ഐയുമൊക്കെ ആഗ്രഹിച്ചത്. ആപല്‍കരമായ ഒരു സൂചനയാണിത്. സമൂഹം അകറ്റി നിര്‍ത്തിയ ഇത്തരം സംഘടനകള്‍ സ്വീകാര്യത ലഭ്യമാക്കാന്‍ സി.പി.എമ്മിനൊപ്പം നിന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനു പരസ്യമായി വരെ രംഗത്തിറങ്ങി. ഇതു മതേതരവിശ്വാസികള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. പരമ്പരാഗതമായി വിശ്വാസമര്‍പ്പിക്കുന്നവര്‍ സി.പി.എമ്മിന്റെ വര്‍ഗീയതയോടുള്ള മൃദുസമീപത്തില്‍ പ്രതിഷേധിച്ചു പാര്‍ട്ടിയോട് അകലുകയാണെന്നോര്‍ക്കണം. വോട്ടിനു വേണ്ടി മുഴുവന്‍ മൂല്യങ്ങളും തകര്‍ത്തെറിഞ്ഞ മതേതര കക്ഷികള്‍ താല്‍കാലികമായി നേടുന്ന വിജയം സ്വയംകൃതാനര്‍ഥമാണു വരുത്തുകയെന്നും സമ്മേളനം മുന്നറിയിപ്പു നല്‍കി.ഇടതു ഭരണത്തിന്റെ ബലത്തില്‍ തീവ്രവാദ സംഘടനകള്‍ ആഭ്യന്തരവകുപ്പ് ഉള്‍പടെയുള്ള ഉദ്യോഗമേഖലയില്‍ വളര്‍ത്തിയെടുക്കുന്ന സ്വാധീനം മതേതരവിശ്വാസികളില്‍ ആശങ്ക വളര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അടിയന്തിരമായി നിഷ്പക്ഷ ഇടപെടലുകളുണ്ടാകണം. ജില്ലയിലെ ചില പൊലിസ് സ്‌റ്റേഷനുകളില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകള്‍ക്കുള്ള സ്വാധീനം പൊലിസിലുള്ള വിശ്വാസ്യത തകര്‍ക്കും വിധം വളര്‍ന്നിരിക്കുന്നു. ഇവരുമായി സൗഹൃദം പാലിക്കുന്ന പൊലിസ് ഉദ്യോഗസ്ഥരില്‍നിന്നും മാന്യമായ സമീപനം പൊതുജനങ്ങള്‍ക്കു ലഭ്യമല്ല. പൊലിസിനെതിരേ ഉയരുന്ന പരാതികള്‍ പോലും ആഭ്യന്തരവകുപ്പ് ഗൗനിക്കുന്നില്ല. ഇക്കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നും നടപടി സ്വീകരിക്കണമെന്നും മുസ്‌ലിംയൂത്ത്‌ലീഗ് സമ്മേളനം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."