'ഡ്രൈവര്‍ക്ക് പത്തു വര്‍ഷം പ്രവൃത്തി പരിചയം, വേഗതയില്‍ നിയന്ത്രണം, സീറ്റിങ് കപാസിറ്റി അനുസരിച്ച് കുട്ടികള്‍' സ്‌കൂള്‍ ബസുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ ബസുകളില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെയോ ജീവനക്കാരെയോ കൊണ്ടുപോകുന്നതിന് മാത്രമായി ഉപയോഗിക്കുന്ന എട്ട് സീറ്റും അതില്‍ കൂടുതലുമുള്ള വാഹനങ്ങളെയാണ് എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം വാഹനങ്ങളുടെ മുന്‍പിലും പുറകിലും എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബസ് എന്ന് വ്യക്തമായി പ്രദര്‍ശിപ്പിക്കണം.
സ്ഥാപനത്തിന്റെ ഉടമസ്ഥതയില്‍ അല്ലാത്ത വാഹനങ്ങള്‍ ആണെങ്കില്‍ വെള്ള പ്രതലത്തില്‍ നീല അക്ഷരത്തില്‍ 'ON SCHOOL DUTY '' എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. സ്‌കൂള്‍ മേഖലയില്‍ പരമാവധി വേഗത മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റു റോഡുകളില്‍ പരമാവധി 50 കിലോമീറ്ററും. സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് കുറഞ്ഞത് പത്തുവര്‍ഷത്തെയെങ്കിലും ഡ്രൈവിങ് പരിചയം വേണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
മറ്റു നിര്‍ദേശങ്ങള്‍ ഇങ്ങനെ
ഡ്രൈവര്‍മാര്‍ വൈറ്റ് കളര്‍ ഷര്‍ട്ടും കറുപ്പ് കളര്‍ പാന്‍സും കൂടാതെ ഐഡന്റിറ്റി കാര്‍ഡും ധരിച്ചിരിക്കണം.
ഡ്രൈവറായി നിയോഗിക്കപ്പെടുന്നവര്‍ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിക്കുന്നതിനോ മറ്റ് കുറ്റകൃത്യങ്ങള്‍ക്കോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുത്
ജി.പി.എസ് സംവിധാനം സ്‌കൂള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കണം.'സുരക്ഷമിത്ര' സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കണം.
'വിദ്യാ വാഹന്‍' ആപ്പില്‍ രക്ഷാകര്‍ത്താക്കള്‍ക്കുള്ള അനുമതി നല്‍കണം.
വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോര്‍ അറ്റന്‍ഡര്‍മാര്‍ (ആയമാര്‍ ) എല്ലാ ബസ്സിലും ഉണ്ടായിരിക്കണം.
സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തില്‍ കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കാവൂ. 12 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ ആണെങ്കില്‍ ഒരു സീറ്റില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാം.
ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര് , ക്ലാസ് , അഡ്രസ്സ് ,ബോര്‍ഡിങ് പോയിന്റ് രക്ഷിതാവിന്റെ പേര് അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം.
ഡോറുകള്‍ക്ക് ലോക്കുകളും ജനലുകള്‍ക്ക് ഷട്ടറുകളും ഉണ്ടായിരിക്കണം
ഫസ്റ്റ് എയ്ഡ് ബോക്‌സ് എല്ലാ സ്‌കൂള്‍ വാഹനത്തിലും സൂക്ഷിക്കേണ്ടതും അത് സ്‌കൂള്‍ അധികാരികള്‍ കാലാകാലങ്ങളില്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്.
വാഹനത്തിന്റെ ജനലുകളില്‍ താഴെ ഭാഗത്ത് നീളത്തില്‍ കമ്പികള്‍ ഘടിപ്പിക്കണം.
സേഫ്റ്റി ഗ്ലാസ് ഘടിപ്പിച്ചിട്ടുള്ള എമര്‍ജന്‍സി എക്‌സിറ്റ് സംവിധാനം ഉണ്ടായിരിക്കണം.
ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/ അനധ്യാപകനെയോ റൂട്ട് ഓഫിസര്‍ ആയി നിയോഗിക്കണം.
സ്‌കൂളിന്റെ പേരും ഫോണ്‍ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദര്‍ശിപ്പിക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."