ഭാര്യയുമായി വഴക്കിട്ട് ഭര്‍ത്താവ് കെ.എസ്.ആര്‍.ടി.സി ബസിന്റെ ജനാലവഴി പുറത്തേക്കു ചാടി
കോട്ടയം: കെ.എസ.്ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യവെ ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് ബസ്സിന്റെ ജനാല വഴി പുറത്തേക്ക് ചാടി. ഇയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വൈക്കം ഇടയാഴം സ്വദേശിയാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തേക്ക് ചാടിയത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ചങ്ങനാശേരി എത്തിയതുമുതല്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായി ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടകം മറിയപ്പള്ളി ഭാഗത്തെത്തിയപ്പോള്‍ ബസില്‍ നിന്ന് ഇറങ്ങണമെന്ന് ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ കെ.എസ.്ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് ബസ് ജീവനക്കാര്‍ ഇയാളെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ ബസിന്റെ ജനാലയിലൂടെ റോഡിലേക്ക് ചാടിയത്.
ഉടന്‍ തന്നെ 108 ആംബുലന്‍സ് വരുത്തി ഭാര്യയും മറ്റുള്ളവരും ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. കോട്ടയം മെഡി. കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇയാളുടെ ഇടത് കാലിന് ഒടിവുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നും സ്‌കാനിങ്ങുകള്‍ക്ക് ശേഷം തുടര്‍ചികിത്സ നിശ്ചയിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം വാഹനത്തില്‍ നിന്ന് ചാടിയിട്ടുള്ള അപകടമായതിനാല്‍ പ്രാഥമിക വിവരശേഖരണം നടത്തുമെന്ന് ഗാന്ധിനഗര്‍ പൊലിസ് അറിയിച്ചു. നിലവില്‍ ആരും പരാതിപ്പെട്ടിട്ടില്ലെന്നും പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്നും പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."