സെപ്റ്റംബര്‍ 20ന് ജില്ലയിലെ ശുചിമുറികളുടെ നിര്‍മാണം പൂര്‍ത്തിയാകും: മന്ത്രി കെ.ടി ജലീല്‍
പാലക്കാട്: കേരള പിറവി ദിനത്തില്‍ കേരളം ഒ.ഡി.എഫ് (ഓപ്പണ്‍ ഡിഫോക്കേഷന്‍ ഫ്രീ)സംസ്ഥാനമാകുമെന്നും ജില്ലയിലെ 25,266 കുടുംബങ്ങള്‍ക്ക് ആവശ്യമുളള വ്യക്തിഗത ശുചിമുറികളുടെ നിര്‍മാണം സെപ്റ്റംബര്‍ 20-തോടെ പൂര്‍ത്തിയാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ജില്ലയെ സമ്പൂര്‍ണ ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ബ്ലോക്ക്-ഗ്രാമ പഞ്ചായത്തു തല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ കൊടുമ്പ്, ശ്രീകൃഷണപുരം, തിരുമുറ്റക്കോട് ഗ്രാമപഞ്ചായത്തുകള്‍ പുര്‍ണമായും ശുചിമുറി നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 60 ശതമാനം സ്വഛ്ഭാരത് മിഷന്‍ വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമായിട്ടാണ് ഒ.ഡി.എഫ് ഫണ്ട് ലഭ്യമാവുക. ഒരു വ്യക്തിഗത ശുചിമുറിക്ക് 15,400 രൂപയാണ് അനുവദിച്ചു പോരുന്നത്. ശുചിമുറി നിര്‍മാണത്തിന് അനുയോജ്യമല്ലാത്ത പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പഞ്ചായത്തുകള്‍ക്ക് ഇതില്‍ 7400- അധിക തുകയായി നല്‍കും. 25, 266-നു പുറമെ ജില്ലയില്‍ ആവശ്യമായി വരുന്ന കൂടുതല്‍ ശുചിമുറികള്‍ക്കായും അനുമതി നല്‍കും.
ശുചിമുറി നിര്‍മാണ പുരോഗതിയുടെ മേല്‍നോട്ടം പൂര്‍ണ ചുമതലയായി നല്‍കി ജില്ലയില്‍ ഒരു ഡെപ്യൂട്ടി കലക്ടറെ നിയോഗിക്കും. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരുടെ ഭവനങ്ങളില്‍ നേരിട്ടെത്തിയും ശുചിമുറി നിര്‍മാണത്തിനുള്ള സമ്മതപത്രം സ്വീകരിക്കാന്‍ മന്ത്രി തദ്ദേശസ്ഥാപന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അട്ടപ്പാടിയില്‍ ആവശ്യമുളള 4951 ശുചിമുറികള്‍ എന്‍.ജി.ഒ സംഘടനകള്‍ വഴിയും എന്‍.ആര്‍.എല്‍.എം വഴിയും ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കുന്നതു പരിഗണിക്കും. വ്യക്തിഗത ശുചിമുറിക്കു പുറമെ സ്ഥലപരിമിതി ഉളള പ്രദേശങ്ങളില്‍ കമ്മ്യൂണിറ്റി ശുചിമുറികളുടെ നിര്‍മാണവും പരിഗണിക്കുമെന്നും മന്ത്രി അവലോകന യോഗത്തില്‍ വ്യക്തമാക്കി. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രഡിഡന്റ് അഡ്വ.കെ ശാന്തകുമാരി, ശുചിത്വ മിഷന്‍ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ എസ്. ശ്യാമലക്ഷമി, അസിസ്റ്റന്റ് കോഡിനേറ്റര്‍ ബാബു തോമസ്, ജില്ല പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ടി.കെ നാരായണദാസ്, ത്രിതല പഞ്ചായത്ത് പ്രസിഡന്റ്ുമാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."