സഊദിയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും വെളളപ്പൊക്കത്തിനും സാധ്യത; ജാഗ്രത നിർദേശം
റിയാദ്: സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും വെളളപ്പൊക്കത്തിനും സാധ്യത. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നൽകി. മക്ക,തായിഫ്, റിയാദ്, ജിസാന്‍, മദീന തുടങ്ങിയ ഇടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്.
മക്ക മേഖലയില്‍ മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. സമീപ പ്രദേശങ്ങളായ ജുമും, ബഹ്റ, റാനിയ, ഖുര്‍മ എന്നിവിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ഉണ്ടായേക്കാം. തായിഫ്, മെയ്സാന്‍, ആദം, അല്‍ അര്‍ദിയാത്ത്, അല്‍ കാമില്‍ എന്നിവിടങ്ങളിലായിരിക്കും കൂടുതല്‍ മഴ ലഭിക്കുക.
ജിസാന്‍, അസീര്‍, അല്‍ബാഹ പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴയും മദീന, ഹായില്‍, ഖാസിം പ്രദേശങ്ങളില്‍ നേരിയ മഴയായിരിക്കും.
റിയാദ് മേഖലയില്‍ മിതമായ മഴയാണ് പ്രതീക്ഷിക്കുന്നത്. അഫീഫ്, ദവാദ്മി, ഖുവിയ്യ, മജ്മഅ, അല്‍ ഘട്ട്, ഷഖ്റ, അസ് സുല്‍ഫി, താദിഖ്, മുറാത്ത്, വാദി അല്‍ ദവാസിര്‍ തുടങ്ങിയ മേഖലകളിലും മഴ ലഭിക്കും.
മഴ ശക്തമാകുന്ന ഇടങ്ങങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴ വര്‍ഷം, പൊടി നിറഞ്ഞ കാറ്റ്, മണല്‍ക്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. താമസക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്കു പോകാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."