പാലക്കാട് തോലന്നൂരില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം
പാലക്കാട്: പാലക്കാട് തോലന്നൂരില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. രണ്ടാം പ്രതിയും കൊല്ലപ്പെട്ട ദമ്പതികളുടെ മകന്റെ ഭാര്യയുമായ ഷീജയ്ക്ക് ജീവപര്യന്തം ശിക്ഷയുമാണ് വിധിച്ചത്.
2017 സെപ്റ്റംബര്‍ 13 നാണ് പുളിക്കപ്പറമ്പ് അംബേദ്കര്‍ കോളനിയിലെ വിമുക്തഭടന്‍ സ്വാമിനാഥന്‍ ( 75 ) ഭാര്യ പ്രേമകുമാരി ( 65 ) എന്നിവര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ മകന്റെ ഭാര്യയും സുഹൃത്തും ഉള്‍പ്പെടെ രണ്ടുപേരാണ് കേസിലെ പ്രതികള്‍.
സദാനന്ദനും ഷീജയുമായുള്ള സൗഹൃദം സൈനികനായ മകനെ അറിയിക്കുമെന്ന സ്വാമിനാഥന്റെ മുന്നറിയിപ്പാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കേസ്. സദാനന്ദനും ഷീജയും ചേര്‍ന്ന് കവര്‍ച്ചയ്ക്കിടെയുണ്ടായ കൊലപാതകമെന്ന മട്ടില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലയെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. പാലക്കാട് കോട്ടായി പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
തലയില്‍ ചുറ്റിക കൊണ്ടുള്ള അടിയേറ്റും വയറ്റില്‍ കുത്തേറ്റും സ്വീകരണ മുറിയിലാണ് സ്വാമിനാഥന്‍ മരിച്ചുകിടന്നത്. തോര്‍ത്തുകൊണ്ടു കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കട്ടിലിലായിരുന്നു പ്രേമകുമാരിയുടെ മൃതദേഹം. ഇവരുടെ മരുമകളും കേസിലെ രണ്ടാം പ്രതിയുമായ ഷീജയെ അടുക്കള ഭാഗത്തു തുണികൊണ്ട് വായ് മൂടി കൈയും കാലും ബന്ധിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ഷീജയുടെ നിര്‍ദേശപ്രകാരം കളവിനിടെയുണ്ടായ കവര്‍ച്ചയെന്ന് വരുത്താന്‍ സദാനന്ദന്‍ നടപ്പാക്കിയ നാടകമെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
കവര്‍ച്ചാ ശ്രമത്തിനിടെയുണ്ടായ കൊലപതാകമെന്ന് വരുത്തിത്തീര്‍ക്കാനാണ് ഷീജയെ കെട്ടിയിട്ട് മാലയും വളയും സദാനന്ദന്‍ കൊണ്ടുപോയതെന്നും കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."